രാജ്യം അഗാധമായ സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ എല്ലാവരുടേയും ഐക്യത്തോടെയുള്ള പരിശ്രമത്തിന് ആഹ്വാനം ചെയ്ത് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. മത്സരത്തില്‍ വിജയിച്ചതിനുശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഐക്യത്തോടെ മുന്നേറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഋഷി സുനക് ചൂണ്ടിക്കാട്ടിയത്.
പാര്‍ട്ടിയെയും യുകെയെയും ഒരുമിച്ച് കൊണ്ടുവരുന്നത് തന്റെ പ്രഥമ പരിഗണനയാണെന്ന് സുനക് തന്റെ ആദ്യ പ്രസംഗത്തില്‍ പറഞ്ഞു. പിന്നീട്, രണ്ട് മിനിറ്റു മാത്രം നീണ്ടുനിന്ന ഒരു ടിവി പ്രസംഗത്തില്‍ സുനക്, സമഗ്രതയോടെ രാജ്യത്തെ സേവിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും അസാധാരണമായ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ രാജ്യത്തെ നയിച്ചതിന് പ്രധാനമന്ത്രി ലിസ് ട്രസിന് നന്ദി പറയുകയും ചെയ്തു.
‘യുണൈറ്റഡ് കിംഗ്ഡം ഒരു മഹത്തായ രാജ്യമാണ്. എന്നാല്‍ നാം ഇപ്പോള്‍ അഗാധമായ സാമ്പത്തിക വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു എന്നതില്‍ സംശയമില്ല. നമുക്ക് ഇപ്പോള്‍ സ്ഥിരതയും ഐക്യവും ആവശ്യമാണ്. പാര്‍ട്ടിയെയും രാജ്യത്തെയും ഒരുമിച്ച് കൊണ്ടുവരുന്നതിന് ഞാന്‍ എന്റെ പരമമായ മുന്‍ഗണന നല്‍കും’. സുനക് പ്രസംഗത്തില്‍ പറഞ്ഞു.
ഋഷി സുനാക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും. ബ്രിട്ടണില്‍ 200 വര്‍ഷത്തിനിടെ സ്ഥാനമേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സുനാക്. ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനും കൂടിയാണ് അദ്ദേഹം. ഇന്ന് പ്രാദേശിക സമയം 11.30ന് ശേഷമാണ് ഋഷി സുനാക് ബ്രിട്ടന്റെ പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്. ബെക്കിംഗ് ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജാവിനെ കണ്ട ശേഷമാവും ചടങ്ങ്.
ബോറിസ് ജോണ്‍സണ്‍, തെരേസ മേ മന്ത്രിസഭകളില്‍ അംഗമായിരുന്ന സുനാക് 42-ാം വയസിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്നത്. ലിസ് ട്രസിന്റെ പിന്‍ഗാമിയായാണ് ഋഷി എത്തുന്നത്. എതിര്‍ സ്ഥാനാര്‍ഥി പെന്നി മോര്‍ഡന്റ് മത്സരരംഗത്തുനിന്നും പിന്‍മാറിയതോടെയാണ് ഋഷി സുനാക് പ്രധാനമന്ത്രിപദത്തിലേക്ക് എത്തിയത്.