ലോകത്തിലെ രണ്ടാമത്തെ വലിയ മഴക്കാടായ കോംഗോ മഴക്കാടുകളിലൂടെയും പുല്‍മേടുകളിലൂടെയും ഒഴുകുന്ന നദിയാണ് സയര്‍ എന്നും വിളിപ്പേരുള്ള കോംഗോ. നൈല്‍നദി കഴിഞ്ഞാല്‍ ആഫ്രിക്കന്‍ സംസ്‌കാരത്തെ വളര്‍ത്തിയ ഏറ്റവും പ്രധാനപ്പെട്ട നദിയാണിത്. ഉള്‍ക്കൊള്ളുന്ന വെള്ളത്തിന്റെ അളവില്‍ ആമസോണിനു പിന്നില്‍ ലോകത്തു രണ്ടാംസ്ഥാനത്തുണ്ട് ഈ നദി.
ലോകത്തിലെ ഏറ്റവും ആഴമേറിയ നദിയും കോംഗോയാണ് (220 മീറ്റര്‍). ചിലയിടങ്ങളില്‍ കോംഗോയ്ക്കു 220 മീറ്ററിലധികം ആഴമുണ്ട്. നീളത്തില്‍ ആഫ്രിക്കയില്‍ രണ്ടാംസ്ഥാനവും ലോകത്തില്‍ ഒന്‍പതാം സ്ഥാനവുമാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (പഴയ സയര്‍), സാംബിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിക്കടുത്തുനിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. തുടര്‍ന്നു റിപ്പബ്ലിക് ഓഫ് അംഗോള, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, സാംബിയ, കോംഗോ, കാമറൂണ്‍, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകി ഒടുവില്‍ അറ്റലാന്റിക് സമുദ്രത്തില്‍ പതിക്കുന്നു.
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ തെക്ക്-കിഴക്ക് അതിര്‍ത്തിയില്‍ നിന്ന് ഉത്ഭവിക്കുന്ന ലുവാലബ നദിയാണ് കോംഗോയുടെ ഉറവിടം. നാല്‍പതോളം ജലവൈദ്യുത പദ്ധതികള്‍ കോംഗോ നദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഗാഡാം പദ്ധതിയാണ് അതില്‍ പ്രധാനപ്പെട്ടത്. ആഗോള ജലവൈദ്യുത ശേഷിയുടെ 13 ശതമാനം കോംഗോ തടത്തില്‍ നിന്നാണെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. കോംഗോ നദിക്ക് ഒട്ടേറെ പോഷകനദികളുമുണ്ട്. ഉബാംഗി, സംഘ, കസല്‍ എന്നീ മൂന്നെണ്ണമാണ് അവയില്‍ പ്രധാനപ്പെട്ടവ. പ്രസിദ്ധമായ ബായോമ സ്റ്റാന്‍ലി വെള്ളച്ചാട്ടം കോംഗോ നദിയിലാണ്.
വര്‍ഷം മുഴുവനും ഒരേപോലെയുള്ള ജലപ്രവാഹമാണ് കോംഗോ നദിയുടെ പ്രത്യേകത. ഭൂമധ്യരേഖയെ രണ്ടു പ്രാവശ്യം മുറിച്ചു കടക്കുന്ന നദിയെന്ന പ്രത്യേകതയും കോംഗോയ്ക്കുണ്ട്. ഭൂമധ്യ രേഖക്ക് മുകളിലും താഴെയുമായുള്ള നദിയുടെ ഒഴുക്ക് കാരണം, ഇത് കടന്നു പോകുന്ന ഏതെങ്കിലും ഒരു ഭാഗത്ത് എപ്പോഴും മഴക്കാലമായിരിക്കും. അതുതന്നെയാണ് കോംഗോ നദിയിലെ നീരൊഴുക്ക് സ്ഥിരമായിരിക്കാന്‍ കാരണം. നാല് മില്ല്യന്‍ ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോംഗോ നദീ തടം ആഫ്രിക്കയുടെ മൊത്തം കരഭൂമിയുടെ പതിമൂന്നു ശതമാനത്തോളം വരും. ഈ ഭീമന്‍ നദിക്കു ചിലയിടങ്ങളില്‍ പത്തു മൈല്‍ വരെ വീതിയുണ്ട്. നദിയുടെ ഏകദേശം 650 മൈല്‍ ദൂരത്തോളം എല്ലാക്കാലവും ഗതാഗതയോഗ്യവുമാണ്.
ജലജീവികളുടെ കാര്യത്തിലും സമൃദ്ധമാണ് കോംഗോ നദി. അപൂര്‍വ്വവും വിവിധങ്ങളുമായ മനുഷ്യ വര്‍ഗ്ഗങ്ങളും, വന്യജീവികളും, വൈവിധ്യമാര്‍ന്ന ഭൂവിഭാഗങ്ങളും, ഇരുമ്പും, കോപ്പറും, യുറേനിയവും, ഡയമണ്ടും വിളയുന്ന മണ്ണും അകമ്പടിയായുള്ള കോംഗോ, അനേകം സംസ്‌കാരങ്ങളെയും പട്ടണങ്ങളെയും തഴുകിയാണ് യാത്ര തുടരുന്നത്. 1390 ല്‍ തുടങ്ങി നീണ്ട കാലത്തോളം ഈ നദീ തടം ഭരിച്ചിരുന്ന മാണികോംഗോകളുടെ കോംഗോ സാമ്രാജ്യത്തില്‍ നിന്നുമാണ് ഈ മഹാനദി അതിന്റെ പേര് കടം കൊണ്ടത്. ഇതിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നീ രണ്ട് രാജ്യങ്ങളുടേയും പേരിന്റെ ഉല്‍പത്തി കോംഗോ നദിയില്‍ നിന്നാണ്.