ഭൂഗോളത്തിലെ ഏറ്റവും പഴക്കം ചെന്നതും നീളമേറിയതുമായ നദിയാണ്, നൈല്‍ നദി. 6,650 കിലോമീറ്റര്‍ നീളമുള്ള ഈ നദി ആഫ്രിക്കന്‍ വന്‍കരയിലെ പതിനൊന്ന് രാജ്യങ്ങളിലൂടെ ഒഴുകി മെഡിറ്ററേനിയന്‍ കടലില്‍ അവസാനിക്കുന്നു. ഈജിപ്ഷ്യന്‍ മരുഭൂമികളിലൂടെ ഒഴുകുന്നു എന്ന പ്രത്യേകതകൂടിയുണ്ട് നൈലിന്. ഈജിപ്തിനു ശുദ്ധജലവും ഭക്ഷണവും കൃഷിഭൂമിയും ഗതാഗതമാര്‍ഗ്ഗവുമെല്ലാം ഒരുക്കി നല്‍കുന്ന പുണ്യമഹാനദിയാണിത്. ഈജിപ്ഷ്യന്‍ സംസ്‌കാരമുള്‍പ്പെടെ ഒട്ടേറെ പുരാതന സംസ്‌ക്കാരങ്ങളുടെ കളിത്തട്ടുകൂടിയാണ് നൈല്‍നദീതടം.
പേരിന്റെ ഉത്ഭവം
അറബിയിലെ നൈല്‍ എന്ന വാക്കില്‍ നിന്നാണ് നദിയുടെ പേരിന്റെ ഉത്ഭവം. നദീതടം എന്നര്‍ത്ഥമുള്ള നൈലോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് നൈല്‍ എന്ന അറബി പദം ഉണ്ടായത്. ഗ്രീക്കില്‍ ഐജിപ്റ്റോസ് എന്ന മറ്റൊരു പേരുകൂടിയുണ്ട്. ഈജിപ്റ്റ് എന്ന പേരുണ്ടായത് ഈ വാക്കില്‍ നിന്നാണ്. പുരാതന ഈജിപുകാര്‍ നൈല്‍ നദിയെ അവരുടെ നാടിന്റെ പിതാവായും ഈജിപ്തിനെ ആ നദിയുടെ പുത്രിയായും കരുതിയിരുന്നു. നൈല്‍ നദിയെ ഇറ്റേരു എന്നാണ് ഈജിപ്ത്യന്‍ ഭാഷയില്‍ വിളിക്കുന്നത്. ഇതിനര്‍ത്ഥം നദി എന്നാണ്.
പോഷക നദികള്‍
നൈലിന്റെ രണ്ടു പ്രധാന പോഷകനദികളാണ് വൈറ്റ് നൈല്‍, ബ്ലൂനൈല്‍ എന്നിവ. വൈറ്റ് നൈല്‍ ഉദ്ഭവിക്കുന്നത് ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നാണ്. ബ്ലൂനൈലിന്റെ ഉദ്ഭവം എത്യോപ്യയിലെ താന തടാകത്തില്‍നിന്നാണ്. പിന്നീടത് സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വച്ച് വൈറ്റ് നൈലുമായി ചേര്‍ന്നൊഴുകുന്നു.
സംസ്‌കാരങ്ങളുടെ ഉറവിടം
പുരാതന ഈജിപ്തുമായി ബന്ധപ്പെട്ട എല്ലാ ചരിത്രവും നൈലുമായും ബന്ധമുള്ളവയാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്ത്, നൈല്‍നദിയുടെ കരയില്‍ നിലനിന്നിരുന്ന സംസ്‌കാരമാണ് ഈജിപ്ഷ്യന്‍ സംസ്‌കാരം. നൈല്‍നദിയുടെ എക്കല്‍ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണ്, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന നവീനശിലായുഗമനുഷ്യരെ ഈജിപ്തിലേക്ക് ആകര്‍ഷിക്കുകയും, കാര്‍ഷികാഭിവൃദ്ധിയും ജലലഭ്യതയും അവരെ സമ്പന്നമായ ജനസമൂഹമാക്കി ഉയര്‍ത്തുകയും ചെയ്തുവെന്നാണ് അനുമാനം.
ശിലായുഗം മുതല്‍ ഈജിപ്തിന്റെ ജീവനാഡിയാണ് നൈല്‍. ഈജിപ്ഷ്യന്‍ നാഗരികത വികസിച്ചത് നൈലിന്റെ തടങ്ങളിലാണ്. പണ്ട് നൈല്‍ ഇന്നത്തേക്കാള്‍ പരന്ന് ഒഴുകിയിരുന്നു. എന്നാല്‍ ശിലാ യുഗത്തിനു മുന്‍പ് സമുദ്രനിരപ്പ് ഉയര്‍ന്നത് മൂലം മണ്ണൊലിപ്പ് സംഭവിച്ച് അസ്യുത്തിനടുത്ത് ഉണ്ടായിരുന്ന പുരാതന നൈലിനെ കാര്‍ന്നു തിന്ന് ഇന്ന് കാണുന്ന നീല നൈല്‍ ഉണ്ടായി. പ്രാചീന ഈജിപ്തുകാര്‍ ഉണ്ടാക്കിയ കലണ്ടര്‍ 30 ദിവസമുള്ള 12 മാസങ്ങളായി വിഭജിച്ചവയായിരുന്നു. ഇത് നൈല്‍ നദിയുടെ ചാക്രിക ചംക്രമണം ആധാരമാക്കി മൂന്ന് ഋതുക്കളായി തിരിച്ചിരുന്നു. ആഖേത് എന്ന പ്രളയകാലവും പെരേത് എന്ന വളരുന്ന കാലവും ഷെമു എന്ന വരള്‍ച്ചാക്കാലവുമായിരുന്നു അത്.
ഈജിപ്ത് അഥവാ നൈല്‍ നദിയുടെ ദാനം
ചരിത്രത്തിലും വിശുദ്ധ ഗ്രന്ഥങ്ങളിലും ലോക സാഹിത്യങ്ങളിലുമെല്ലാം തന്നെ ഇടം നേടിയ നൈല്‍ നദിയെ എന്നും ചേര്‍ത്തുപറയുന്നത് ഈജിപ്തിനോടൊപ്പമാണ്. പൗരാണിക ഈജിപ്ഷ്യന്‍ നാഗരികത കിളിര്‍ത്തതും പുഷ്പിച്ചതും, പ്രഫുല്ലമായതുമെല്ലാം പ്രശസ്തമായ ഈ നദീ തീരത്തായിരുന്നല്ലോ. ഈജിപ്തിന്റെ പ്രൗഢിയും പ്രശസ്തിയും രൂപപ്പെടുത്തുന്നതില്‍ ഈ നദി വഹിച്ച പങ്ക് നിസ്തുലമത്രെ. നൈലിനെ ദൈവമായി ആരാധിച്ചിരുന്ന ഫറോവമാര്‍ ഈജിപ്തിനു കൊടുത്ത വിശേഷണമായിരുന്നു ‘നൈല്‍ നദിയുടെ ദാനം’ എന്നത്.
നൈല്‍ നദി ഒഴുക്കിക്കൊണ്ടുവരുന്ന ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണില്‍ കാര്‍ഷിക വിഭവങ്ങള്‍ തഴച്ചുവളര്‍ന്നു. നൈലില്‍ വെള്ളപ്പൊക്കം രൂക്ഷമാവുമ്പോള്‍ വെള്ളംതിരിച്ചുവിടാനും പഞ്ഞകാലങ്ങളില്‍ വെള്ളം ശാസ്ത്രീയമായുപയോഗിച്ച് ജലസേചനം ചെയ്യാനുമുള്ള തന്ത്രങ്ങള്‍ ഈജിപ്തുകാര്‍ വശത്താക്കിയിരുന്നു. ലോകത്ത് ഏറ്റവും കുറവ് ജോലിചെയ്ത് ഏറ്റവും കൂടുതല്‍ കാര്‍ഷിക വിളകള്‍ ഉത്പാദിപ്പിച്ച ജനതയെന്നാണ് ചരിത്രകാരന്മാരുടെ പിതാവായ ഹെറോഡോട്ടസ് ഈജിപ്തുകാരെ വിശേഷിപ്പിച്ചത്. വിവിധയിനം മത്സ്യങ്ങളുടെ അക്ഷയ ഖനിയുമായിരുന്നു നൈല്‍ നദി.
ഗതിമാറി ഒഴുകാത്ത നൈല്‍
മറ്റ് മഹാനദികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നൈലിനുള്ള ഏറ്റവും വലിയ പ്രത്യേകതയാണ് ഇതുവരെയുള്ള ചരിത്രത്തില്‍ ഒരിക്കല്‍ പോലും നൈല്‍ നദി ഗതിമാറി ഒഴുകിയിട്ടില്ല എന്നത്. എല്ലാ പുരാതന നദികളും കാലത്തിനൊപ്പം ദിശ മാറിയപ്പോള്‍ നൈല്‍ മാത്രം എന്തുകൊണ്ട് 300 ലക്ഷം വര്‍ഷമായി ഒരേ ദിശയില്‍, ഒരേ പാതയില്‍ ഒഴുകുന്നു എന്നതിന് അതിനെക്കുറിച്ചുള്ള ഒരു പഠനത്തിലൂടെ ഉത്തരം കണ്ടെത്തിയിട്ടുണ്ട്.
നൈല്‍ നദി ഒഴുകുന്ന അതേ ദിശയില്‍, ഭൂമിക്കടിയിലായി കണ്‍വേയര്‍ ബെല്‍റ്റ് പോലെ പ്രവര്‍ത്തിക്കുന്ന ഒരു മാന്റിലിന്റെ ഭാഗം ഉണ്ടെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. ഈ മാന്റില്‍ ഭാഗത്തിന് ഒരു പക്ഷേ നദിയുടെ ഉദ്ഭവവുമായി പോലും ബന്ധമുണ്ടായിരിക്കാം എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. കണ്‍വെക്ഷന്‍ സെല്‍ എന്ന് വിളിയ്ക്കുന്ന ഈ മാന്റില്‍ ഭാഗമാണ് ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി നൈല്‍ ദിശ മാറി ഒഴുകാത്തതിനു കാരണമെന്ന് ഇവര്‍ പറയുന്നു.