പാലക്കാട് ദേശിയ പാതയില്‍ സ്കൂള്‍ വിനോദയാത്ര സംഘത്തിന്റെ വാഹനം ബസിലിടിച്ചു 9 മരണം. എറണാകുളത്തെ സ്വകാര്യ സ്കൂളില്‍ നിന്നും ഊട്ടിക്ക് പോയ വിനോദയാത്ര സംഘമാണ് അപകടത്തില്‍ പെട്ടത്.
42 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടങ്ങുന്ന സംഘം ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് എറണാകുളത്തു നിന്നും ഊട്ടിക്ക് പുറപ്പെട്ടത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടയിലാണ് അപകടം നടന്നത്.
അമിതവേഗതയിലായിരുന്ന ടൂറിസ്റ്റ് ബസ് കൊട്ടാരക്കര-കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അഞ്ച് കുട്ടികളും, അധ്യാപകരില്‍ ഒരാളും, കെഎസ്ആര്‍ടിസി ബസിലെ മൂന്ന് യാത്രക്കാരും ഉള്‍പ്പെടെ ഒന്‍പത് പേരാണ് മരണപ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഒരുഭാഗം ടൂറിസ്റ്റ് ബസിന്റെ ഉള്ളിലേക്ക് കയറിപ്പോയെന്നു രക്ഷപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറയുന്നു.
അപകടത്തില്‍ പരിക്കേറ്റവര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും, തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. അഞ്ച് പേരുടെ നില ഗുരുതരമാണ്.