അധിനിവിഷ്ട ഗോലാന്‍ കുന്നിനു നേരെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ 10 പേര്‍ മരിച്ചതായും 30 ലധികം പേര്‍ക്ക് പരിക്കേറ്റതായും 7 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ഇസ്രായേല്‍ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. സ്‌ഫോടനത്തെത്തുടര്‍ന്നു വന്‍തീപിടിത്തവുമുണ്ടായി. ഗോലാന്‍ കുന്നിലെ മജ്ദല്‍ ഷംസിലെ ദ്രൂസ് ഗ്രാമത്തിലാണു സംഭവം.
ലബനനില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 3 ഹിസ്ബുള്ള അംഗങ്ങള്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണു റോക്കറ്റാക്രമണം. ആക്രമണത്തിനു പിന്നില്‍ ഹിസ്ബുള്ളയാണെന്ന് ഇസ്രായേല്‍ ആരോപിച്ചു. ആക്രമണത്തിന് തിരിച്ചടിക്കാന്‍ ഇസ്രായേല്‍ അടിയന്തര യോഗം ചേര്‍ന്നതായും ഉടന്‍ തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനയും ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അതേസമയം ആരോപണം ഹിസ്ബുള്ള നിഷേധിച്ചു. ഗോലാന്‍ കുന്നിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കില്ലെന്നാണ് ഹിസ്ബുള്ളയുടെ വാദം.