Monday, November 25, 2024

ലെബനനിൽ നിന്നുള്ള റോക്കറ്റ് ആക്രമണം; ഇസ്രായേലിൽ ഏഴുപേർ കൊല്ലപ്പെട്ടു

ലെബനനിൽനിന്ന് ഇസ്രായേലിലേക്കു നടന്ന റോക്കറ്റാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച നാല് വിദേശതൊഴിലാളികളും മൂന്ന് ഇസ്രായേലികളും കൊല്ലപ്പെട്ടതായി ഇസ്രായേൽ ഡോക്ടർമാർ വെളിപ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു.

ലെബനൻ ആക്രമിച്ചതിനുശേഷം ഇസ്രായേലിനുനേരെ നടന്ന ഏറ്റവും മാരകമായ അതിർത്തി കടന്നുള്ള ആക്രമണമാണിതെന്ന് ഇസ്രായേൽ ഡോക്ടർമാർ പറഞ്ഞു. 24 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ അധികൃതർ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.  ലെബനനിലുടനീളം ഹിസ്ബുള്ള തീവ്രവാദികളെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്.

ലെബനനിൽനിന്നുള്ള മിസൈലുകൾ ഇസ്രായേലിന്റെ വടക്കേ അറ്റത്തുള്ള പട്ടണമായ മെറ്റുലയിലെ കാർഷികമേഖലയിൽ തകർന്ന് നാല് തായ് തൊഴിലാളികളും ഒരു ഇസ്രായേലി കർഷകനും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. മണിക്കൂറുകൾക്കുശേഷം, വടക്കൻ ഇസ്രായേലി തുറമുഖനഗരമായ ഹൈഫയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഒലിവ് തോട്ടത്തിൽ ലെബനനിൽനിന്ന് 25 ഓളം റോക്കറ്റുകൾ പതിച്ചതായി ഇസ്രായേൽ സൈന്യം റിപ്പോർട്ട് ചെയ്തു. ആ ആക്രമണത്തിൽ 30 കാരനായ പുരുഷനും 60 കാരിയായ സ്ത്രീയും കൊല്ലപ്പെടുകയും മറ്റ് രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേലിലെ പ്രധാന എമർജൻസി മെഡിക്കൽ ഓർഗനൈസേഷനായ മഗൻ ഡേവിഡ് അഡം പറഞ്ഞു.

ഹിസ്ബുള്ളയ്ക്കും ഹമാസിനും ഇസ്രായേലിന്റെ പ്രാദേശിക എതിരാളിയായ ഇറാന്റെ പിന്തുണയുണ്ട്. വ്യാഴാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഉടൻ ഏറ്റെടുത്തില്ല. വ്യാഴാഴ്ച ലെബനനിൽ നിന്ന് 90 മിസൈലുകൾ ഇസ്രായേലിനുനേരെ പ്രയോഗിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ബൈഡൻ ഭരണകൂടം അതിന്റെ ഭരണകാലഘട്ടം അവസാനിക്കാൻ ഒരുങ്ങുകയും അടുത്ത ഇലക്ഷൻ അടുത്തയാഴ്ച നടക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വെടിനിർത്തൽ കരാറിലേക്ക് എത്തുന്നതിനുള്ള പരിശ്രമങ്ങളിലായിരുന്നു യു. എസ്. എന്നാൽ, ഈ പരിശ്രമങ്ങൾക്കിടെ ഉണ്ടായ പ്രകോപനം വെടിനിർത്തൽ കരാറിനെ എപ്രകാരം ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാഷ്ട്രങ്ങൾ.

കഴിഞ്ഞ ദിവസം ഇസ്രായേൽ ഗാസയിലെ അവസാനത്തെ ആശുപത്രി ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായി യു. എൻ. വെളിപ്പെടുത്തിയിരുന്നു. ഹമാസ് തീവ്രവാദികൾക്ക് അഭയം നൽകുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച ആശുപത്രി ആക്രമിച്ചതിനെക്കുറിച്ച് വെളിപ്പെടുത്താനുള്ള അഭ്യർഥനയോട് ഇസ്രായേൽ സൈന്യം ഇതുവരെ പ്രതികരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News