Tuesday, November 26, 2024

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ തീപിടുത്തം മനുഷ്യനിര്‍മ്മിതം: അന്വേഷണ സമിതി മേധാവി

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ തീപിടുത്തം മനുഷ്യനിര്‍മ്മിതമാണെന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. അഭയാര്‍ത്ഥി ക്യാമ്പിന്‍റെ അഞ്ചു ഭാഗങ്ങളില്‍ നിന്നും ഒരേ സമയം തീ പടര്‍ന്നതില്‍ സംശയിച്ചാണ് അന്വേഷണ സമിതി മേധാവിയായ അബുസുഫിയാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2017 ല്‍ മ്യാന്‍മറില്‍ നിന്നും പലായനം ചെയ്തവരാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്നത്.

രാജ്യത്തിന്‍റെ തെക്കുകിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്സ് ബസാറിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഈ മാസം ആദ്യമാണ് വന്‍ തീപിടുത്തമുണ്ടായത്. പിന്നാലെ സംഭവത്തെ കുറിച്ചു അന്വേഷിക്കുന്നതിന് ഏഴംഗ സമിതിയെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. തുടര്‍ന്നു 150ഒാളം സാക്ഷികളില്‍ നിന്നും മൊഴിയെടുക്കുകയും തീപിടുത്തത്തിനു തലേദിവസം സ്ഥലത്തു സംഘര്‍ഷവും, വെടിവയ്പ്പും ഉണ്ടായിരുന്നതായി കണ്ടെത്തുകയും ചെയ്തു.

ക്യാമ്പിന്‍റെ അഞ്ചു വശങ്ങളില്‍ നിന്നും ഒരേ സമയം തീപിടിച്ചതിലെ സംശയവും സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന നിഗമനത്തിലേക്ക് സമിതിയെ കൊണ്ടെത്തിക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം വേണമെന്ന്
സമിതി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയതായാണ് വിവരം, ക്യാമ്പിലെ ഒരോ ബ്ലോക്കിലും അഗ്നിശമന വാഹനവും ജലസംഭരണിയും വേണമെന്നും സമിതി നിര്‍ദ്ദേശിച്ചു.

മുളകൊണ്ട് നിര്‍മ്മിച്ച 2000 -ത്തിലേറെ താത്കാലിക വീടുകള്‍ തീപിടുത്തത്തില്‍ കത്തിയമരുകയായിരുന്നു. ഏകദേശം ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഇവിടെ താമസിച്ചിരുന്നത്. 2021 മാര്‍ച്ചില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 15 അഭയാര്‍ത്ഥികള്‍ മരണപ്പെടുകയും പതിനായിരത്തിലധികം വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.

Latest News