Sunday, November 24, 2024

റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാനാകില്ല, കോടതി ഇടപെടരുതെന്ന് കേന്ദ്രം

ഇന്ത്യയില്‍ അനധികൃതമായി എത്തുന്ന റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാന്‍ ഉത്തരവിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ത്ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണെന്നും പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയും നയപരമായ വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം അന്തസ്സോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ട്. എന്നാല്‍, ഇന്ത്യയില്‍ സ്ഥിരതാമസത്തിനുള്ള അവകാശം ഇല്ല. ആ അവകാശം ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ഉള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈകമ്മീഷണറില്‍ (U-NHCR) നിന്ന് ചില റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ അഭയാര്‍ത്ഥി കാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ കാര്‍ഡ് ചൂണ്ടിക്കാട്ടിയാണ് അഭയാര്‍ത്ഥി പദവിക്കായി ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യ UNHCR നല്‍കുന്ന കാര്‍ഡ് അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

1951-ലെ യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനിലും തുടര്‍ന്നുള്ള പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളു എന്നും കേന്ദ്രം വ്യക്തമാക്കി.

 

Latest News