ബംഗ്ലാദേശിലെ കോക്സ് ബസാറിലുള്ള റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ ആയിരക്കണക്കിന് കുട്ടികൾ ഭവനരഹിതരായെന്നും, നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസസൗകര്യങ്ങൾ നഷ്ടപ്പെട്ടുവെന്നും യൂണിസെഫ്. ഞായറാഴ്ചയുണ്ടായ തീപിടുത്തത്തിൽ ഏതാണ്ട് അയ്യായിരം പേർക്കാണ് ഭവനങ്ങൾ നഷ്ടപ്പെട്ടത്. ഇവരിൽ മൂവ്വായിരത്തിഅഞ്ഞൂറോളം പേർ കുട്ടികളായിരുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അറിയിച്ചു.
കോക്സ് ബസാറിലെ അഞ്ചാം നമ്പർ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. ഈ വലിയ തീപിടുത്തത്തിൽ ആർക്കും ജീവൻ നഷ്ടപ്പെട്ടതായി ഇതുവരെ അറിഞ്ഞിട്ടില്ലെന്നും, എന്നാൽ തീപിടുത്തത്തിൽ ഇരുപത് സ്കൂൾ കെട്ടിടങ്ങളും കത്തിനശിച്ചതിനാൽ ആയിരത്തിഅഞ്ഞൂറോളം കുട്ടികൾക്ക് വിദ്യാഭ്യാസസൗകര്യങ്ങൾ ഇതോടെ നഷ്ടമായെന്നും ശിശുക്ഷേമനിധി വെളിപ്പെടുത്തി.
തീപിടുത്തത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, യൂണിസെഫും മറ്റു സംഘടനകളും ചേർന്ന്, കുട്ടികൾക്ക് വിദ്യാഭ്യാസസൗകര്യമൊരുക്കുന്നതിനായി താൽക്കാലികമായി കൂടാരങ്ങൾ സൃഷ്ടിക്കുമെന്നും ബംഗ്ലാദേശിലേക്കുള്ള യൂണിസെഫ് പ്രതിനിധി ഷെൽഡൺ യെറ്റ് വ്യക്തമാക്കി.