തിരഞ്ഞെടുക്കപ്പെട്ടാൽ യുക്രൈനുള്ള എല്ലാ പിന്തുണയും അവസാനിപ്പിക്കുമെന്നു വ്യക്തമാക്കി റൊമാനിയയിലെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ദേശീയവാദ രാഷ്ട്രീയക്കാരനായ കാലിൻ ജോർജസ്കു. ബി. ബി. സി. ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യൂറോപ്യൻ യൂണിയൻ അനുകൂല പ്ലാറ്റ്ഫോമിൽ പ്രചാരണം നടത്തുന്ന മുൻ ടിവി അവതാരകയായ എലീന ലാസ്കോണിക്കെതിരെയാണ് കാലിൻ ജോർജസ്കു മത്സരിക്കുന്നത്. സോഷ്യൽ മീഡിയവഴി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഏകവ്യക്തിയായ ജോർജസ്കു, താൻ മുൻഗണന നൽകുന്നത് റൊമാനിയൻ ജനതയ്ക്കാണെന്ന് ഊന്നിപ്പറഞ്ഞു. താൻ ദൈവത്തോടും ജനങ്ങളോടും ചേർന്ന് പ്രവർത്തിക്കുന്നതിനാൽ തന്റെ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ നുണകളെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നു പറഞ്ഞ അദ്ദേഹം, റഷ്യൻ പിന്തുണയുള്ള പ്രവർത്തനത്തിന്റെ ഫലമാണ് തന്റെ ഇതുവരെയുള്ള അപ്രതീക്ഷിത വിജയം എന്ന ആരോപണം നിഷേധിച്ചു.
മുൻപ് ഡൊണാൾഡ് ട്രംപിനെയും ഹംഗേറിയൻ ജനകീയനേതാവ് വിക്ടർ ഓർബാനെയും പ്രശംസിച്ച ഒരു അഭിമുഖത്തിൽ ജോർജസ്കു വ്ളാഡിമിർ പുടിനെ ‘ദേശസ്നേഹിയും നേതാവും’ എന്ന് വിശേഷിപ്പിച്ചിരുന്നു. കൂടാതെ, അന്നുതന്നെ താൻ പുടിന്റെ ആരാധകനല്ല എന്ന കാര്യവും ഇദ്ദേഹം ഊന്നിപ്പറഞ്ഞു. എന്നാൽ, യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തെക്കുറിച്ചു ചോദിച്ചപ്പോൾ അതിർത്തിയിൽ സമാധാനം സ്ഥാപിക്കുന്നതിൽ മാത്രമാണ് റൊമാനിയയ്ക്ക് താൽപര്യമുള്ളതെന്നും എന്നാൽ ഇത് കീവിന്റെ നിബന്ധനകൾക്ക് അനുസൃതമായിരിക്കണമെന്ന് പറയാൻ തയ്യാറല്ലെന്നും വ്യക്തമാക്കി.
“എന്റെ ജനങ്ങളെ ഞാൻ പരിപാലിക്കേണ്ടതുണ്ട്. എന്റെ ജനങ്ങളെ ഈ യുദ്ധത്തിൽ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് എന്റെ ജനങ്ങളുടെ കാര്യത്തിൽ മാത്രം ശ്രദ്ധിക്കണം. ഞങ്ങൾക്ക് തന്നെ നിരവധി പ്രശ്നങ്ങളുണ്ട്” – യൂറോപ്യൻ യൂണിയനും നാറ്റോ അംഗവുമായ റൊമാനിയ അയൽരാജ്യത്തിന് കൂടുതൽ സൈനികമോ, രാഷ്ട്രീയമോ ആയ പിന്തുണ നൽകില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.