പ്രതിവര്‍ഷം ഇന്ത്യയില്‍ ഏകദേശം 38,000 മുങ്ങി മരണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കണക്ക് പ്രകാരം ഇതില്‍ ഭൂരിഭാഗവും 5-14 വയസ്സുവരെയുള്ള കുട്ടികളാണ്. 24 ശതമാനമാണിതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്കൂള്‍ തലത്തില്‍ നിര്‍ബന്ധിത നീന്തല്‍ നൈപുണ്യ പരിശീലനം ഇല്ലെന്നതുള്‍പ്പെടെ ഇന്ത്യയിലെ മുങ്ങിമരണം തടയുന്നതിനായി പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുങ്ങിമരണം തടയുന്നതിന് ദേശീയ തലത്തില്‍ ഏകോപന സംവിധാനം ഇല്ലെന്നും കൃത്യമായ കണക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഡാറ്റാ സംവിധാനങ്ങളില്ലെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മുങ്ങിമരണം തടയുന്നതിനായി നീന്തല്‍ പരിശീലനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ക്ലാസുകളോ ക്യാമ്പയിനുകളോ ഇന്ത്യയിലില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടി.
ബോട്ടുകളില്‍ ലൈഫ് ജാക്കറ്റുമായി ബന്ധപ്പെട്ട അറിയിപ്പുകള് ഇല്ലാത്തതും ബീച്ചുകളില്‍ ലൈഫ് ഗാര്‍ഡുകളുടെ അഭാവവും ചെറുപ്പക്കാര്‍ക്കിടയില്‍ മുങ്ങിമരണങ്ങള്ക്കിടയാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. തൊട്ട് പിന്നിലായി ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുമുണ്ട്.