പതിറ്റാണ്ടുകളായി നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന മധ്യകാല യൂറോപ്യൻ ഭരണാധികാരികളുടെ ശവസംസ്കാര സമയത്തെ കിരീടങ്ങളും ചിഹ്നങ്ങളും ഉൾപ്പെടെയുള്ള നിരവധി ചരിത്രവസ്തുക്കൾ ലിത്വാനിയയിലെ ഒരു കത്തീഡ്രലിന്റെ ഭൂഗർഭ അറയിൽനിന്നും കണ്ടെത്തി. ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസിലെ കത്തോലിക്കാ പള്ളിയുടെ ഭൂഗർഭ അറയിൽ നിന്നുമാണ് ഈ അമൂല്യവസ്തുക്കൾ കണ്ടെടുത്തത്.
1939 ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസിലെ കത്തോലിക്കാ പള്ളിയുടെ ഭൂഗർഭ അറ ആരുംതന്നെ തുറന്നിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇത്രയും കാലം ഈ ചരിത്രവസ്തുക്കൾ കാണാമറയത്തായിരുന്നു. 1461–1506 കാലഘട്ടത്തിൽ ജീവിച്ചിരുന്ന, പോളണ്ടിലെ രാജാവും ലിത്വാനിയയിലെ ഗ്രാൻഡ് ഡ്യൂക്കുമായിരുന്ന അലക്സാണ്ടർ ജാഗിയലോണിന്റെ കിരീടം, 1436–1505 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഓസ്ട്രിയയിലെ എലിസബത്തിന്റെ കിരീടം, ചെയിൻ, മെഡൽ, മോതിരം, ശവപ്പെട്ടിയിൽ പതിപ്പിക്കുന്ന ഫലകം എന്നിവയാണ് കണ്ടെത്തിയ മറ്റ് പുരാവസ്തുക്കൾ.
പോളണ്ടിലെ രാജാവും ലിത്വാനിയയിലെ ഗ്രാൻഡ് ഡ്യൂക്കുമായിരുന്ന സിഗിസ്മണ്ട് II ന്റെ പത്നിയായിരുന്ന ബാർബറ റാഡ്‌സിവിലിന്റെ ഒരു കിരീടം, ചെങ്കോൽ, മൂന്ന് മോതിരം, ഒരു ചെയിൻ, ശവപ്പെട്ടിയിൽ പതിപ്പിക്കുന്ന ഫലകങ്ങൾ എന്നിവയും അറയിലുണ്ടായിരുന്നു. 1551 ലാണ് അവർ മരണപ്പെട്ടത്.
ലിത്വാനിയയിലെയും പോളണ്ടിലെയും രാജാക്കന്മാരുടെ മരണശേഷം ശവകുടീരങ്ങളിൽ നിക്ഷേപിക്കുന്ന ഇത്തരം ചിഹ്നങ്ങൾ വിലമതിക്കാനാവാത്ത ചരിത്രനിധികളാണ്. ഇവ ലിത്വാനിയയുടെ പാരമ്പര്യത്തിന്റെ പ്രതീകങ്ങളും തലസ്ഥാന നഗരമെന്ന നിലയിൽ വില്നിയസിന്റെ തെളിവുകളുമാണെന്ന് വിൽനിയസ് ആർച്ച്ബിഷപ്പ് ജിന്റാറസ് ഗ്രുഷാസ് പറഞ്ഞു.
1931 ൽ കത്തീഡ്രൽ വൃത്തിയാക്കുന്നതിനിടെയാണ് ഈ വസ്തുക്കൾ ആദ്യമായി കണ്ടെത്തിയത്. 1939 ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ അവ പ്രദർശനത്തിനു വച്ചിരുന്നു. പിന്നീട് അവ മറച്ചുവയ്ക്കുകയായിരുന്നു. പിന്നീട് 2024 ൽ തുടങ്ങിയ തെരച്ചിലിലാണ് ഇവ വീണ്ടും കണ്ടെത്തിയത്.