Monday, November 25, 2024

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രവുമായി 75 രൂപയുടെ നാണയം പുറത്തിറക്കും: കേന്ദ്ര ധനകാര്യ മന്ത്രാലയം

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രവുമായി 75 രൂപയുടെ നാണയം പുറത്തിറക്കും എന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഓർമ്മയ്ക്കായി ആണ് ഇത് പുറത്തിറക്കുന്നത്. മെയ് 28നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.

നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്യും. നാണയത്തിൽ ‘രൂപ’ ചിഹ്നവും ലയൺ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളിൽ ’75 ‘എന്ന മൂല്യവും രേഖപ്പെടുത്തും. മുകളിലെ ‘സൻസദ് സങ്കുൽ’ എന്നും താഴെ ഇംഗ്ലീഷിൽ ‘പാർലമെന്റ് മന്ദിരം’ എന്നും രേഖപ്പെടുത്തും. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാർഗ്ഗനിർദേശങ്ങളെല്ലാം പാലിച്ചാകും നാണയത്തിന്റെ ഡിസൈൻ തയ്യാറാക്കുകയെന്നും കേന്ദ്രം അറിയിച്ചു.

35 ഗ്രാം ഭാരമുള്ള നാണയം 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കൽ, 5 ശതമാനം സിങ്ക് ഉൾപ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നിർമിക്കുന്നത്. 44 മില്ലിമീറ്റർ വ്യാസവും അഗ്രഭാഗങ്ങളിൽ 200 സെറേഷനുകൾ ഉണ്ടായിരിക്കും.

Latest News