സുഡാൻ സൈന്യത്തിനെതിരെ പോരാടുന്ന ഒരു അർധസൈനിക വിഭാഗം ക്ഷാമം പടരുന്ന പ്രദേശങ്ങൾ ഉൾപ്പെടെ സഹായം എത്തിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുരിതാശ്വാസ പ്രവർത്തകർ. സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർ എസ് എഫ്) തമ്മിലുള്ള അധികാരപോരാട്ടത്തിൽ നിന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
തലസ്ഥാനമായ ഖാർത്തൂമിൽ സ്വാധീനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, രാജ്യത്തിന്റെ പടിഞ്ഞാറൻഭാഗത്ത് ഒരു സമാന്തര സർക്കാർ രൂപീകരിക്കാൻ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം. 2011 ൽ ദക്ഷിണ സുഡാനിൽനിന്നു വേർപിരിഞ്ഞ രാജ്യത്തെ കൂടുതൽ വിഭജിക്കാൻ സാധ്യതയുള്ള സംഭവ വികാസങ്ങളാണ് നടക്കുന്നത്. ഇത് ഡാർഫറിന്റെ പടിഞ്ഞാറൻ മേഖലയിലെ ലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്കു തള്ളിവിടുന്നു.
രണ്ടുവർഷത്തിലേറെയായി സുഡാനിൽ തുടരുന്ന യുദ്ധത്തിൽ ആർ എസ് എഫ് ലെ പോരാളികൾ പല സഹായങ്ങളും കൊള്ളയടിച്ചതായി ദുരിതാശ്വാസ പ്രവർത്തകർ മുൻപ് ആരോപിച്ചിരുന്നു. ആർ എസ് എഫ് ന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കുള്ള പ്രവേശനം സൈന്യം നിഷേധിക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുന്നുവെന്നും ഇത് പട്ടിണിയും രോഗവും വഷളാക്കുന്നുവെന്നും അവർ ആരോപിക്കുന്നു.
സൈന്യവും ആർ എസ് എഫും തമ്മിലുള്ള അധികാര പോരാട്ടത്തിൽനിന്നു പൊട്ടിപ്പുറപ്പെട്ട ഈ യുദ്ധം, ലോകത്തിലെ ഏറ്റവും വലുതും വിനാശകരവുമായ മാനുഷിക പ്രതിസന്ധി എന്ന് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിക്കുന്നു. സുഡാനിലെ 50 ദശലക്ഷം ജനസംഖ്യയുടെ പകുതിയോളം പേർ കടുത്ത പട്ടിണി അനുഭവിക്കുന്നു. കൂടുതലും ആർ എസ് എഫ് ന്റെ കൈവശമുള്ളതോ, ഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളിലാണ്. 12.5 ദശലക്ഷത്തിലധികം ആളുകൾ ഇതിനകം പലായനം ചെയ്തിട്ടുണ്ട്.