Wednesday, November 27, 2024

കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനം; സാമൂഹികാഘാത പഠനം തുടങ്ങി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിലെ സാമൂഹികാഘാത പഠനം ആരംഭിച്ചു. വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ വിമാനത്താവള അതോറിറ്റി നിര്‍മ്മാണം നടത്തുമെന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത്. ആറ് മാസത്തിനകം ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

കൊണ്ടോട്ടി നഗരസഭാ പരിധിയിലും, പള്ളിക്കൽ പഞ്ചായത്തിലുമായി പതിനാലര ഏക്കറോളം ഭൂമിയാണ് റൺവേ വികസനത്തിനായി ഏറ്റെടുക്കേണ്ടത്. എന്നാല്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രദേശവാസികൾ രംഗത്ത് വന്നിരുന്നു. സാമൂഹികാഘാത പഠനമുൾപ്പെടെ നടത്തിയതിന് ശേഷമേ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാവൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടർന്നാണ് സാമൂഹികാഘാത പഠനമുൾപ്പെടെ നടത്താൻ സർക്കാർ തീരുമാനിച്ചത്.

മൂന്ന് മാസത്തിനകം സാമൂഹികാഘാത പഠനവും, പ്രത്യേക വിദഗ്‌ധ സമിതിയുടെ പരിശോധനയും നടത്തി ആറ് മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. ഭൂവുടമകളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്നും ആരില്‍ നിന്നും ബലമായി ഭൂമി പിടിച്ചുവാങ്ങുന്ന രീതി സര്‍ക്കാരിനില്ലെന്നും ജില്ലയുടെ ചുമതലയുള്ള കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കളക്ടറേറ്റില്‍ ചേര്‍ന്ന ഭൂവുടമകളുടെയും ജനപ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Latest News