യുക്രൈനുമായി തടവുകാരെ കൈമാറുന്നതിൽ വത്തിക്കാൻ വഹിച്ച പങ്ക് അംഗീകരിച്ച് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ്. ജനുവരി 23 നു നടത്തിയ പത്രസമ്മേളനത്തിൽ, റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്സ് ഡയറക്ടർ മരിയ സഖറോവ, റഷ്യ – ഉക്രൈൻ യുദ്ധത്തെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടിനെയും റഷ്യയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സഹകരണത്തെ തുടർന്നുള്ള മാനുഷിക നിലപാടുകളെയും പ്രശംസിച്ചു.
“യുക്രൈനിലെ സമാധാനപരമായ ഒത്തുതീർപ്പിനായി ഫ്രാൻസിസ് പാപ്പ അയച്ച കർദിനാൾ മത്തിയോ സുപ്പിയുടെ സജീവ പങ്കാളിത്തത്തോടെ നമ്മുടെ രാജ്യത്തെ പരിക്കേറ്റ 16 സൈനികർ അടുത്തിടെ പൂർത്തിയാക്കിയ റഷ്യൻ – യുക്രേനിയൻ യുദ്ധകൈമാറ്റത്തിന്റെ ഭാഗമായി റഷ്യയിലെത്തി. മാനുഷികവിഷയങ്ങളിൽ വത്തിക്കാനുമായി ക്രിയാത്മകമായ സഹകരണം തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” – സഖരോവ പറഞ്ഞു.
2023 മേയിൽ ഫ്രാൻസിസ് മാർപാപ്പ ഏൽപിച്ച സമാധാനദൗത്യത്തിന്റെ ഭാഗമായി റഷ്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്താൻ 2024 ഒക്ടോബറിൽ കർദിനാൾ സുപ്പി മോസ്കോ സന്ദർശിച്ചു. യുക്രൈനുമായി യുദ്ധം ആരംഭിച്ചതിനുശേഷം മോസ്കോയിലേക്കുള്ള കർദിനാളിന്റെ രണ്ടാമത്തെ യാത്രയായിരുന്നു ഇത്. റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി കർദിനാൾ സുപ്പി ലോകമെമ്പാടുമായി നിരവധി നയതന്ത്ര സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.
ഡിസംബർ അവസാനത്തിലും ജനുവരി പകുതിയുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇടനിലക്കാരായി നടത്തിയ ഇടപാടുകളിൽ റഷ്യയും യുക്രൈനും ഏകദേശം 400 യുദ്ധത്തടവുകാരെ കൈമാറി.