റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കേ ഇരു രാജ്യങ്ങളും ഇരുനൂറു വീതം യുദ്ധത്തടവുകാരെ കൈമാറി. കഴിഞ്ഞയാഴ്ച റഷ്യന്‍ സൈനികവിമാനം തകര്‍ന്നുവീണ് 65 യുക്രെയ്ന്‍ യുദ്ധത്തടവുകാരടക്കം 74 പേര്‍ മരിച്ചിരുന്നു. യുക്രെയ്ന്റെ മിസൈല്‍ ആക്രമണത്തിലാണു വിമാനം തകര്‍ന്നുവീണതെന്ന് റഷ്യ ആരോപിച്ചിരുന്നു.
ഇന്നലെ 195 തടവുകാരെ വീതം കൈമാറിയെന്നു റഷ്യ അറിയിച്ചപ്പോള്‍, 207 യുക്രെയ്ന്‍കാരെ വിട്ടയച്ചുവെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞത്. അമ്പതാം തവണയാണ് ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറുന്നത്.
രണ്ടു വര്‍ഷം മുമ്പ് യുക്രെയ്‌നു നേര്‍ക്ക് റഷ്യ ആക്രമണം ആരംഭിച്ചശേഷം 3035 യുദ്ധത്തടവുകാരെ ഇരു രാജ്യങ്ങളും കൈമാറി. സൈനികരെയും നാഷണല്‍ ഗാര്‍ഡ്, ബോര്‍ഡര്‍ സര്‍വീസ്, നാഷണല്‍ പോലീസ് എന്നിവയിലെ അംഗങ്ങളെയുമാണു റഷ്യ മോചിപ്പിച്ചതെന്നു യുക്രെയ്ന്‍ പ്രസിഡന്‍ഷല്‍ ഓഫീസ് തലവന്‍ ആന്ദ്രില്‍ യെര്‍മാക് പറഞ്ഞു.