Monday, November 25, 2024

സ്വന്തം നഗരത്തില്‍ ബോംബിട്ട് റഷ്യ; അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം

യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് യുദ്ധ വിമാനങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കുന്ന സ്വന്തം നഗരമായ ബെല്‍ഗൊറോദില്‍ ബോംബ് വര്‍ഷിച്ച് റഷ്യ. നാലു ലക്ഷം ആളുകള്‍ താമസിക്കുന്ന നഗരത്തില്‍ വ്യാഴാഴ്ചയാണ് അബദ്ധത്തില്‍ റഷ്യന്‍ യുദ്ധ വിമാനം ബോംബിട്ടത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

റഷ്യയുടെ സുഖോയ് 34 യുദ്ധവിമാനമാണ് സ്വന്തം മണ്ണില്‍ ബോംബ് വര്‍ഷിച്ചത്. ബോംബ് വീണതിനു പിന്നാലെ പ്രധാന റോഡില്‍ 20 മീറ്റര്‍ വ്യാപ്തിയില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ നാലു കാറുകള്‍ക്കും നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി ബെല്‍ഗൊറോദ് മെയര്‍ വാലന്‍റീന്‍ ഡെമിദോവ് അറിയിച്ചു.

സ്ഫോടനത്തില്‍ തകര്‍ന്ന കാറുകള്‍ ഉയര്‍ന്നുപൊങ്ങുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest News