റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു നാടക തീയറ്ററിനുനേരെയും റഷ്യന്‍ സൈന്യം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് ആക്രമണം ഉണ്ടായത്.
റഷ്യന്‍ വിമാനം നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്. കെട്ടിടത്തിലെ ബോംബ് ഷെല്‍ട്ടറിലേക്കുള്ള പ്രവേശന കവാടവും നശിപ്പിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു. ആയിരങ്ങള്‍ക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകര്‍ക്കാനുള്ള റഷ്യയുടെ മനപൂര്‍വമായ ശ്രമം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്നും കൗണ്‍സിലര്‍ പറഞ്ഞു. ആക്രമണത്തില്‍ എന്തൊക്കെ നാശനഷ്ടങ്ങളുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെക്കുകിഴക്കന്‍ തുറമുഖ നഗരത്തിലെ തിയേറ്ററാണ് നശിപ്പിക്കപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രകാരം ബോംബെറിയുന്നതിന് മുമ്പ് തിയേറ്ററിന്റെ രണ്ട് വശങ്ങളില്‍ ‘കുട്ടികള്‍’ എന്ന വാക്ക് എഴുതിയിരുന്നു. തീയേറ്ററിന്റെ അവശിഷ്ടങ്ങളില്‍ തീ ആളിപ്പടരുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. മരിച്ചവരുടെ എണ്ണം അറിവായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
നഗരമധ്യത്തിലെ ഏറ്റവും വലിയ അഭയകേന്ദ്രമായിരുന്നു ഈ തിയേറ്റര്‍. ആയിരത്തിലധികം ആളുകള്‍ അവിടെ ഒളിച്ചിരുന്നു. നഗരത്തില്‍ നിരന്തരമായ ഷെല്ലാക്രമണവും ബോംബാക്രമണവും നടക്കുന്നതിനാല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുപോലും അവിടെ ചെന്നെത്തുക എന്നത് പ്രയാസമാണെന്ന് അധികാരികള്‍ പറയുന്നു.
തിയറ്റര്‍ സമുച്ചയത്തില്‍ സാധാരണക്കാരാണ് അഭയം തേടിയിരുന്നതെന്നും അതില്‍ സ്ത്രീകളും കുട്ടികളും മാത്രമേ ഒളിച്ചിരിക്കുന്നുള്ളൂവെന്നും സൈനിക ഉദ്യോഗസ്ഥരായിരുന്നില്ലെന്നും മാരിയുപോള്‍ സിറ്റി ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ മാക്‌സിം കാച്ച് പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഗര്‍ഭിണിയായ സ്ത്രീയെ പുറത്തെടുക്കാനുള്ള തിരക്കിലാണ് രക്ഷാപ്രവര്‍ത്തകര്‍ എന്നും അദ്ദേഹം പറഞ്ഞു.
അധിനിവേശത്തിന്റെ ഇരുപത്തിയൊന്നാം ദിനത്തില്‍ യുക്രൈന്റെ കൂടുതല്‍ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ. ചെര്‍ണിവില്‍ ഭക്ഷണം വാങ്ങാന്‍ നിന്നവര്‍ക്ക് നേരെ റഷ്യന്‍ സൈന്യം വെടിവെച്ചതിനെ തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു. കരിങ്കടലിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യന്‍ സേന ഏറ്റെടുത്തിരുന്നു. ഇതോടെ യുക്രൈന്റെ കടല്‍വഴിയുള്ള അന്താരാഷ്ട്രവ്യാപാരവും നിലച്ചു. തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. കീവിലെ പാര്‍പ്പിട സമുച്ചയത്തിനു നേരെ കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
മൈക്കലോവ്, ഖര്‍കീവ്, ചെര്‍ണീവ്, അന്റോനോവ് വിമാന നിര്‍മാണശാല എന്നിവിടങ്ങളില്‍ വ്യോമാക്രമണമുണ്ടായി. റിന്‍ മേഖലയില്‍ വ്യോമാക്രമണത്തില്‍ ടിവി ടവര്‍ തകര്‍ന്ന് 9 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കീവിലെ ഹൊറന്‍കയിലുണ്ടായ ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടിരുന്നു. ഫോക്സ് ന്യൂസ് ക്യാമറാമാന്‍ പെയ്റി സാക്രേവ്സ്‌കിയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ബെഞ്ചമിന്‍ ഹോളിന് പരുക്കേറ്റിട്ടുണ്ട്.