Monday, April 21, 2025

ലിമാന്‍ പട്ടണം റഷ്യ പിടിച്ചെടുത്തു

കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖല പിടിച്ചടക്കാനായി പോരാടുന്ന റഷ്യന്‍ പട്ടാളം സാവധാനത്തിലെങ്കിലും സ്ഥിരതയോടെ മുന്നേറുന്നതായി വിലയിരുത്തല്‍. ഡോണറ്റ്‌സ്‌ക് പ്രവിശ്യയിലെ തന്ത്രപ്രധാന പട്ടണമായ ലിമാന്‍ റഷ്യന്‍പട്ടാളം പിടിച്ചെടുത്തു. ലുഹാന്‍സ്‌ക് പ്രവിശ്യയിലെ സെവ്‌റോഡോണറ്റ്‌സ്‌ക് നഗരത്തില്‍ റഷ്യന്‍ പട്ടാളം പ്രവേശിച്ചു. റഷ്യന്‍ പട്ടാളത്തിന്റെ പിടിയിലാകുന്നത് ഒഴിവാക്കാന്‍ സെവ്‌റോഡോണറ്റ്‌സ്‌കിലെ സൈനികര്‍ക്കു വേണമെങ്കില്‍ പിന്തിരിയാമെന്ന് യുക്രെയ്ന്‍ അധികൃതര്‍ നിര്‍ദേശം നല്കി.

ലിമാന്‍ പട്ടണം പൂര്‍ണമായി പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം മോസ്‌കോയില്‍ അറിയിച്ചു. പട്ടണം നഷ്ടപ്പെട്ടതായി യുക്രെയ്ന്‍ വൃത്തങ്ങളും സ്ഥിരീകരിച്ചു. ലിമാന്‍ ചെറിയ പട്ടണമാണെങ്കിലും യുക്രെയ്ന്റെ കിഴക്ക്, പടിഞ്ഞാറന്‍മേഖലകളെ ബന്ധിപ്പിക്കുന്ന പാത കടന്നുപോകുന്നതിനാല്‍ തന്ത്രപരമായി പ്രാധാന്യം കൂടുതലാണ്. മറ്റൊരു നഗരമായ സ്ലോവ്യാന്‍സ്‌കിലേക്ക് ഇവിടെനിന്ന് 20 കിലോമീറ്റര്‍ ദൂരമേയുള്ളൂ. റഷ്യന്‍ പട്ടാളം ഇനി ഈ നഗരത്തെ ലക്ഷ്യമിട്ടേക്കും.

അതേസമയം ലുഹാന്‍സ് പ്രവിശ്യയില്‍ റഷ്യക്കു കീഴടങ്ങാതെ തുടരുന്ന സെവ്‌റോഡോണറ്റ്‌സ്‌ക്, ലിസിചാന്‍സ്‌ക് നഗരങ്ങളില്‍ രൂക്ഷപോരാട്ടം നടക്കുകയാണ്. റഷ്യന്‍ പട്ടാളം സെവ്‌റോഡോണറ്റ്‌സ്‌ക്കില്‍ പ്രവേശിച്ചെങ്കിലും യുക്രെയ്ന്‍ പട്ടാളം പിന്തിരിഞ്ഞിട്ടില്ല. റഷ്യന്‍ പട്ടാളത്തിന്റെ പിടിയിലാകുമെന്ന സാഹചര്യത്തില്‍ യുക്രെയ്ന്‍ പട്ടാളക്കാര്‍ക്കു പിന്തിരിയാമെന്ന് ലുഹാന്‍സ്‌ക് ഗവര്‍ണര്‍ സെര്‍ജി ഹെയ്‌ഡെയ് നിര്‍ദേശിച്ചു. പ്രവിശ്യയുടെ 95 ശതമാനം നിയന്ത്രണവും റഷ്യ പിടിച്ചതായും അദ്ദേഹം അറിയിച്ചു.

ഡോണ്‍ബാസില്‍ റഷ്യയെ ചെറുത്തുനില്‍ക്കാന്‍ മികച്ച ആയുധങ്ങള്‍ നല്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ആവര്‍ത്തിക്കുകയാണ്. ദൂരപരിധി കൂടിയ മള്‍ട്ടിപ്പിള്‍ റോക്കറ്റുകള്‍ നല്കുന്നതിനെക്കുറിച്ച് യുഎസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ യുക്രെയ്ന്‍ ഇവ റഷ്യക്കുള്ളിലേക്കു പ്രയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും അത് പ്രകോപനംവര്‍ധിപ്പിച്ചേക്കും എന്ന വിലയിരുത്തലില്‍ യുഎസ് അന്തിമതീരുമാനം എടുത്തിട്ടില്ല.

 

 

Latest News