ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ വിധവ യൂലിയയ്ക്കു രണ്ടു മാസം തടവുശിക്ഷ വിധിച്ച് റഷ്യന്‍ കോടതി. യൂലിയയ്ക്കു തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പ്രവാസത്തില്‍ കഴിയുന്ന യൂലിയ റഷ്യയില്‍ കാലുകുത്തിയാല്‍ അറസ്റ്റ് നേരിടേണ്ടിവരും.
റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വിമര്‍ശകനായിരുന്ന നവല്‍നി ഫെബ്രുവരിയില്‍ സൈബീരിയയിലെ ജയിലില്‍ മരിക്കുകയായിരുന്നു. മരണത്തില്‍ പുടിനു പങ്കുണ്ടെന്നു നവല്‍നിയുടെ കുടുംബം ആരോപിക്കുന്നു.
റഷ്യയുടെ ഭാവിക്കുവേണ്ടി നവല്‍നി തുടങ്ങിവച്ച പോരാട്ടം തുടരുമെന്നാണു തടവുശിക്ഷയോടു യൂലിയ പ്രതികരിച്ചത്. പുടിന്‍ കൊലപാതകിയും യുദ്ധക്കുറ്റവാളിയുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നവല്‍നി ആരംഭിച്ച ഫൗണ്ടേഷന്‍ ഫോര്‍ ഫൈറ്റിംഗ് കറപ്ഷന്‍ സംഘടനയെ തീവ്രവാദസംഘടനയായി മുദ്രകുത്തുന്നതിന്റെ ഭാഗമായാണ് യൂലിയയ്‌ക്കെതിരായ ശിക്ഷയെന്നു സൂചനയുണ്ട്.
നവാല്‍നിയുടെ മരണത്തില്‍ പങ്കില്ലെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ ശക്തമായി വാദിച്ചിരുന്നു. അതേസമയം നവാല്‍നയയ്ക്കെതിരായ കുറ്റങ്ങള്‍ റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എന്ന് അവരുടെ അനുയായി കിര യാര്‍മിഷ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.