Tuesday, November 26, 2024

യുക്രെയ്‌നിലെ നാനൂറോളം ആശുപത്രികള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി

യുക്രെയ്‌നിലെ നാനൂറോളം ആശുപത്രികള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. റഷ്യന്‍ ആക്രമണം 10 ആഴ്ച പിന്നിടുമ്പോള്‍ അവശ്യമരുന്നുകളും ചികിത്സാ സൗകര്യവുമില്ലാതെ ജനത വിഷമിക്കുകയാണെന്നും അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിലേക്കു രാജ്യം നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക കേന്ദ്രങ്ങള്‍ മാത്രമേ ആക്രമിക്കുന്നുള്ളൂ എന്ന് റഷ്യ അവകാശപ്പെടുമ്പോഴാണ് സെലന്‍സ്‌കിയുടെ ആരോപണം. മരിയുപോളിലെ പ്രസവാശുപത്രി റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തത് ലോകമെങ്ങും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

മരിയുപോളിലെ അസോവ്സ്റ്റാല്‍ ഉരുക്കുനിര്‍മാണശാല പിടിക്കാനായി റഷ്യന്‍ സേന കനത്ത ആക്രമണം തുടരുകയാണ്. യുക്രെയ്ന്‍ സേന സാധാരണക്കാരെ മനുഷ്യകവചമാക്കിയാണ് ചെറുത്തുനില്‍ക്കുന്നതെന്ന് റഷ്യ ആരോപിച്ചു. പ്ലാന്റിനുള്ളില്‍ കുടുങ്ങിയ സാധാരണക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കുമെന്ന് റഷ്യ വാഗ്ദാനം ചെയ്‌തെങ്കിലും പാലിച്ചില്ലെന്ന് യുക്രെയ്ന്‍ ആരോപിച്ചു.

കൂടാതെ 2.5 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ യുക്രെയ്‌നില്‍ കെട്ടിക്കിടക്കുന്നു. മരിയുപോള്‍ ഉള്‍പ്പെടെയുള്ള കരിങ്കടല്‍ തുറമുഖങ്ങള്‍ റഷ്യ ഉപരോധിച്ചിരിക്കുന്നതിനാല്‍ ഇവ കയറ്റി അയ്ക്കാനാവുന്നില്ല.

 

 

 

 

 

 

Latest News