യുദ്ധക്കപ്പലുകളെ ലക്ഷ്യമിടുന്ന രണ്ട് സൂപ്പര്‍സോണിക് മധ്യ-ദൂര മിസൈല്‍ വികസിപ്പിച്ച് റഷ്യ. മിസൈല്‍ ജപ്പാന് കടലില്‍ പരീക്ഷിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ സൈനികാഭ്യാസം നിരീക്ഷിച്ചു വരികയാണെന്ന് ജപ്പാന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പുതുതായി റഷ്യ വികസിപ്പിച്ച മോഷ്കിറ്റ് മിസൈലിനു 125 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുകപ്പലുകളെ തകര്‍ക്കാനുള്ള ശേഷിയുണ്ട്. ആണവ യുദ്ധങ്ങള്‍ നടത്താനും മിസൈലിനു ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ജപ്പാന് കടലില്‍ പരീക്ഷിച്ച മിസൈല്‍ 100 കിലോമീറ്റര്‍ അകലെയുളള ലക്ഷ്യസ്ഥാനത്തു പതിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള രണ്ട് റഷ്യൻ സ്ട്രാറ്റജിക് ബോംബർ വിമാനങ്ങൾ ജപ്പാൻ കടലിന് മുകളിലൂടെ അഭ്യാസ പ്രകടനം നടത്തിയിരുന്നു. ഏഴ് മണിക്കൂറിലധികമാണ് ഈ വിമാനങ്ങള്‍ പറന്നത്. ഇതിന് ഒരാഴ്ചക്കു ശേഷമാണ് റഷ്യൻ നാവികസേനയുടെ മിസൈൽ ഫയറിംഗ് അഭ്യാസം വരുന്നത്. എന്നാല്‍ മിസൈല്‍ പ്രയോഗത്തില്‍ നാശമില്ലെന്നും, റഷ്യയുടെ നീക്കം നിരീക്ഷിച്ചു വരികയാണെന്നും ജപ്പാന് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി വ്യക്തമാക്കി.