യൂറോപ്പിലേക്ക് വാതകം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ നോർഡ് സ്ട്രീം 1 പൂർണ്ണമായും അടച്ച് റഷ്യ. അറ്റകുറ്റ പണികൾ ആവശ്യമാണെന്ന കാരണത്താൽ മൂന്നു ദിവസത്തേയ്ക്ക് ഈ പൈപ്പ് ലൈൻ വഴി വാതക വിതരണം ഉണ്ടാകില്ല എന്നാണ് ഗാസ്പ്രോം അറിയിച്ചിരിക്കുന്നത്. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ വിതരണ കമ്പനിയാണ് ഗാസ്പ്രോം.
യുക്രൈൻ യുദ്ധത്തോട് അനുബന്ധിച്ചു നോർഡ് സ്ട്രീം 1 വഴിയുള്ള വാതക വിതരണം റഷ്യ ഗണ്യമായി കുറച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങൾക്കെതിരായ യുദ്ധത്തിന്റെ ആയുധമായി ഊർജ വിതരണത്തെ ഉപയോഗിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നുവെങ്കിലും അറ്റകുറ്റപണികൾക്കെന്ന പേരിലാണ് വാതക വിതരണം ഇപ്പോൾ തടസപ്പെടുത്തിയിരിക്കുന്നത്.
ബാൾട്ടിക് കടലിലൂടെ കടന്നു പോകുന്ന പൈപ്പ്ലൈൻ സെന്റ് പീറ്റേഴ്സ്ബർഗിനടുത്തുള്ള റഷ്യൻ തീരം മുതൽ വടക്കുകിഴക്കൻ ജർമ്മനി വരെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനു 1,200 കിലോമീറ്റർ (745 മൈൽ) നീളം ഉണ്ട്. 2011 ൽ ആരംഭിച്ച ഈ പൈപ്പ് ലൈനിലൂടെ പ്രതിദിനം പരമാവധി 170 ദശലക്ഷം ക്യുബിക് മീറ്റർ വാതകം അയയ്ക്കാൻ കഴിയും.
ഈ വർഷം ജൂലൈ മാസത്തിൽ അറ്റകുറ്റപണികളുടെ പേരിൽ പത്തു ദിവസത്തേയ്ക്ക് പൈപ്പ് ലൈൻ അടച്ചിട്ടിരുന്നു. പരമാവധി ശേഷിയുടെ 20 % ത്തിൽ മാത്രമാണ് ഇപ്പോൾ വാതക വിതരണം നടക്കുന്നത്. വരും ദിവസങ്ങളിൽ റഷ്യ വിതരണം പുനരാരംഭിച്ചാൽ രാജ്യത്തെ വാതക ക്ഷാമം നേരിടാൻ കഴിയുമെന്ന് ജർമ്മനിയുടെ ഫെഡറൽ നെറ്റ്വർക്ക് ഏജൻസിയുടെ പ്രസിഡന്റ് പറഞ്ഞു. “ഞങ്ങൾക്ക് ഈ പ്രതിസന്ധിയെ നേരിടാൻ കഴിയും. ശനിയാഴ്ചയോടെ റഷ്യ 20% വിതരണത്തിലേയ്ക്ക് എത്തുമെന്ന് വിശ്വസിക്കുന്നു. പക്ഷെ ഈ കാര്യത്തിൽ ഉറപ്പു പറയുവാൻ ആർക്കും കഴിയുകയില്ല,”- ക്ലോസ് മുള്ളർ വെളിപ്പെടുത്തി.
എന്നാൽ റഷ്യയുടെ ഈ നീക്കം ഇതിനകം തന്നെ ചില ജർമ്മൻ കമ്പനികളെ ഉൽപ്പാദനം നിർത്താൻ നിർബന്ധിതരാക്കിയിരിക്കുകയാണ്. ഇതൊരു നല്ല സൂചന അല്ലെന്നും പല വ്യവസായങ്ങളെയും ഈ തീരുമാനം സമ്മർദ്ദത്തിലാക്കുകയാണ് എന്നും ചെയ്യുകയാണെന്നും ജർമ്മൻ ധനകാര്യമന്ത്രി റോബർട്ട് ഹാബെക്ക് ചൂണ്ടിക്കാട്ടി.