തെക്കൻ ഉക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശമായ സപ്പോരിജിയ ആണവ നിലയത്തിന് സമീപ പ്രദേശത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് റഷ്യൻ സൈന്യം. ഇതുവരെ 660 കുട്ടികളടക്കം 1,600-ലധികം ആളുകളെ ഒഴിപ്പിച്ചതായി സപ്പോരിജിയ മേഖലയിലെ റഷ്യൻ-നിയമിത ഗവർണർ യെവ്ജെനി ബാലിറ്റ്സ്കി പറഞ്ഞു.
പ്ലാന്റിന് ചുറ്റുമുള്ള പ്രദേശത്തെ സാഹചര്യം അപകടകരമായി മാറിയെന്ന് യുഎൻ ആണവോർജ്ജ നിരീക്ഷണ വിഭാഗം മേധാവി ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. സപ്പോരിജിയ മേഖല ഉൾപ്പെടെ റഷ്യൻ അധീനതയിലുള്ള പ്രദേശം തിരിച്ചുപിടിക്കാൻ ഉക്രൈൻ ഉടൻ തന്നെ പ്രത്യാക്രമണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒഴിപ്പിച്ചവരെ ബെർഡിയൻസ്കിലെ സപ്പോരിജിയ മേഖലയിലെ താമസക്കാർക്കുള്ള താൽക്കാലിക താമസ കേന്ദ്രത്തിൽ എത്തിച്ചെന്ന് മേഖലയിലെ മോസ്കോ നിയമിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. അസോവ് കടലിന്റെ തീരത്തുള്ള തെക്ക്-കിഴക്കൻ ഉക്രേനിയൻ തുറമുഖ നഗരമാണ് ബെർഡിയൻസ്ക്. അധിനിവേശത്തിന്റെ ആദ്യനാളുകളിൽ തന്നെ റഷ്യ ഈ പ്രദേശം കൈവശപ്പെടുത്തിയിരുന്നു.
അതേസമയം, അധിനിവേശത്തിന്റെ ആദ്യ മാസങ്ങളിൽ റഷ്യൻ പൗരത്വം സ്വീകരിച്ചവർക്കാണ് റഷ്യൻ സൈന്യം ഒഴിപ്പിക്കുവരിൽ പ്രാധാന്യം നൽകുന്നതെന്ന് ഉക്രൈനിന്റെ ജനറൽ സ്റ്റാഫ് ആരോപിച്ചു. കാര്യങ്ങളുടെ ഗൗരവം മനസിലാക്കി യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന്റെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കാനുള്ള നടപടികൾ വേണമെന്ന് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ആവശ്യപ്പെട്ടു. പ്ലാന്റിൽ തന്നെ തുടരുന്ന തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ കാര്യങ്ങൾ കൂടുതൽ പിരിമുറുക്കത്തിലേക്കാണ് നയിക്കുന്നത്.
2022 ഫെബ്രുവരിയിൽ ഉക്രൈൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടതിന് ഏതാനും ദിവസങ്ങൾക്കകം റഷ്യൻ സൈന്യം സപ്പോരിജിയ ആണവ പ്ലാന്റ് പിടിച്ചെടുത്തിരുന്നു. പ്ലാന്റിന് സമീപം ഇടയ്ക്കിടെ ഉണ്ടാകുന്ന ആക്രമങ്ങൾക്ക് ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുകയാണ്. പ്ലാന്റിന് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ ഇരുപക്ഷവും പരാജയപ്പെടുകയും ചെയ്തു എന്നതാണ് കാര്യങ്ങൾ കൂടുതൽ അപകടകരമാക്കുന്നത്.