അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ മോസ്കോയില്‍ നിന്നും പുറത്താക്കിയതിനുപിന്നാലെ യു.എസിലെ റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കാൻ ബൈഡൻ ഭരണകൂടത്തിന്റെ നിര്‍ദേശം. യു.എസ് കോൺസുലേറ്റിൽ ജോലിചെയ്തിരുന്ന റഷ്യൻ പൗരനുമായി സമ്പർക്കം പുലർത്തിയെന്നാരോപിച്ചാണ് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം റഷ്യ പുറത്താക്കിയത്. ഇതിനു മറുപടിയായാണ് യു.എസിന്റെ നടപടി.
നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള റഷ്യയുടെ തീരുമാനത്തെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാറ്റ് മില്ലർ അപലപിച്ചു. റഷ്യയുടെ നടപടികളോട് അമേരിക്ക ഉചിതമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ നയതന്ത്രജ്ഞരെ റഷ്യൻ ഭരണകൂടം ഉപദ്രവിക്കുന്ന രീതി വച്ചുപൊറുപ്പിക്കില്ല, മോസ്കോയിലെ ഞങ്ങളുടെ എംബസി ഉദ്യോഗസ്ഥർക്കെതിരായ അസ്വീകാര്യമായ നടപടികൾക്ക് അനന്തരഫലങ്ങളുണ്ടാകും” – മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു. പിന്നാലെയാണ് റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കിയത്.
നിയമവിരുദ്ധപ്രവർത്തനം നടത്തിയെന്നാരോപിച്ച് സെപ്റ്റംബർ 14 -നാണ് റഷ്യയിലെ യു.എസ് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ജെഫ്രി സിൽലിൻ, രണ്ടാമത്തെ സെക്രട്ടറി ഡേവിഡ് ബേൺസ്റ്റീൻ എന്നിവരോട് ഏഴുദിവസത്തിനകം രാജ്യംവിടാൻ റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടത്.