Wednesday, April 9, 2025

യുക്രൈനില്‍ റഷ്യ നടത്തുന്ന ക്രൂരതയ്‌ക്കെതിരെ ആഗോളതലത്തില്‍ രോഷം ഉയരുന്നു

കൈവിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള പിന്മാറ്റത്തെത്തുടര്‍ന്ന് റഷ്യ ആഗോളതലത്തില്‍ വെറുപ്പും യുദ്ധക്കുറ്റങ്ങളുടെ ആരോപണവും നേരിട്ടുകൊണ്ടിരിക്കുകയാണ്. തെരുവുകളും കെട്ടിടങ്ങളുമെല്ലാം സാധാരണക്കാരായ സിവിലിയന്‍മാരുടെ ശവശരീരങ്ങളാല്‍ നിറഞ്ഞതിനെത്തുടര്‍ന്നാണ് ഇത്.

വെട്ടേറ്റതോ കത്തിക്കരിഞ്ഞതോ തുറസ്സായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടതോ ആഴമില്ലാത്ത കുഴിയില്‍ കുഴിച്ചിട്ടതോ ആയ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍, റഷ്യയ്‌ക്കെതിരെ കര്‍ശനമായ ഉപരോധത്തിനും, പ്രത്യേകിച്ച് റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള ആഹ്വാനത്തിലേക്കും നയിച്ചു. ഡസന്‍ കണക്കിന് റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിക്കൊണ്ട് ജര്‍മ്മനിയും ഫ്രാന്‍സും പ്രതികരിച്ചു. റഷ്യന്‍ നേതാവ് വ്ളാഡിമിര്‍ പുടിനെ യുദ്ധക്കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ‘പുടിന്‍ ക്രൂരനാണ്. ബുച്ചയില്‍ സംഭവിക്കുന്നത് അതിരുകടന്നതാണ്’. ബൈഡന്‍ പറഞ്ഞു.

യുക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി, തലസ്ഥാനമായ കൈവില്‍ നിന്ന് ബുച്ചയിലെത്തിയിരുന്നു. അതിക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യന്‍ പോരാളികളെ തിരിച്ചറിയാന്‍ യൂറോപ്യന്‍ യൂണിയനുമായും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായും യുക്രെയ്ന്‍ പ്രവര്‍ത്തിക്കുമെന്ന് സെലെന്‍സ്‌കി വീഡിയോ പ്രസംഗത്തില്‍ പ്രതിജ്ഞയെടുത്തു.

യൂറോപ്യന്‍ നേതാക്കളും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവിയും യുക്രേനിയക്കാര്‍ക്കൊപ്പം ചേര്‍ന്ന്, റഷ്യന്‍ സൈന്യം കൈവിനു ചുറ്റുമുള്ള പ്രദേശത്തുനിന്ന് പിന്‍വാങ്ങിയതിന് ശേഷം വെളിപ്പെട്ട രക്തച്ചൊരിച്ചിലിനെ അപലപിച്ചു. അതേസമയം, ഭീകരതയുടെ പൂര്‍ണ്ണ വ്യാപ്തി ഇനിയും പുറത്തുവരാനുണ്ടെന്ന് പലരും മുന്നറിയിപ്പ് നല്‍കി.

യുക്രെയ്നിലെ വന്‍തോതിലുള്ള സിവിലിയന്മാരെ കൊലപ്പെടുത്തുന്നതില്‍ സെഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബ്രിട്ടന്റെ യുഎന്‍ അംബാസഡര്‍ ബാര്‍ബറ വുഡ്വാര്‍ഡ് പറഞ്ഞു. പാശ്ചാത്യ, യുക്രേനിയന്‍ നേതാക്കള്‍ മുമ്പ് റഷ്യക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചിരുന്നു, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രോസിക്യൂട്ടര്‍ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റഷ്യന്‍ നേതൃത്വത്തിന്റെയും അതിന്റെ പ്രചാരണം പിന്തുടരുന്നവരുടെയും അവിശ്വസനീയമായ ക്രൂരതയാണ് ബുച്ചയില്‍ നിന്നുള്ള ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞു. പുതിയ ശിക്ഷാ നടപടികള്‍ ആവശ്യപ്പെടുന്ന തരത്തില്‍ യുദ്ധക്കുറ്റങ്ങളുടെ വ്യക്തമായ തെളിവുകള്‍ ബുച്ചയിലുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

റഷ്യന്‍ ഇന്ധനം ഉടന്‍ തന്നെ ഉപേക്ഷിക്കാന്‍ പോളണ്ട് യൂറോപ്പിനെ പ്രേരിപ്പിച്ചപ്പോള്‍, അടുത്ത ഏതാനും മാസങ്ങളില്‍ കല്‍ക്കരി, എണ്ണ ഇറക്കുമതി ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനുള്ള സാവധാനത്തിലുള്ള സമീപനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ജര്‍മ്മനി പറഞ്ഞു. യുഎസും സഖ്യകക്ഷികളും റഷ്യയുടെ അധിനിവേശത്തിന് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ശിക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ ദോഷം വരുത്തുമെന്ന് ഭയപ്പെടുന്നുണ്ട്.

പോളണ്ടിന്റെ പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കി, പുടിന്റെ കീഴിലുള്ള റഷ്യയെ ‘സര്‍വ്വാധിപത്യ-ഫാസിസ്റ്റ് രാഷ്ട്രം’ എന്ന് വിശേഷിപ്പിക്കുകയും ശക്തമായ നടപടികള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.

 

Latest News