2022 ലെ മോസ്കോ അധിനിവേശത്തിനുശേഷം യുക്രൈൻ രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ എണ്ണം പുറത്തുവിട്ട് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. റഷ്യ ഇതുവരെ 1,83,000 ത്തിലധികം യുദ്ധകുറ്റങ്ങൾ നടത്തിയെന്നും അതിന് റഷ്യയെ ശിക്ഷിക്കണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു. തിന്മ പെരുകുന്നത് തടയാൻ നീതി ആവശ്യമാണെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
യുക്രേനിയൻ തലസ്ഥാനമായ കീവിന്റെ വടക്കുപടിഞ്ഞാറുള്ള ബുച്ചയിൽ നടന്ന യൂറോപ്യൻ ഉദ്യോഗസ്ഥരുടെ ഉച്ചകോടിയിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പറഞ്ഞത്. അവിടെ റഷ്യൻ സൈനികർ അധിനിവേശ സമയത്ത് വധശിക്ഷകൾ, ബലാത്സംഗങ്ങൾ, പീഡനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അതിക്രമങ്ങൾ നടത്തിയതായി സെലൻസ്കി ആരോപിച്ചു. അതേസമയം, സെലെൻസ്‌കിയുടെ പരാമർശങ്ങൾക്ക് റഷ്യ മറുപടി പറഞ്ഞില്ല. എന്നാൽ മുൻപ് ഇത്തരത്തിൽ ആരോപണങ്ങൾ വന്നപ്പോൾ, തങ്ങളുടെ സൈനികർ അതിക്രമങ്ങൾ നടത്തിയിട്ടില്ലെന്ന് റഷ്യ പറഞ്ഞിരുന്നു.
“യുക്രൈനെതിരായ റഷ്യയുടെ ആക്രമണവുമായി ബന്ധപ്പെട്ട 1,83,000 ത്തിലധികം കുറ്റകൃത്യങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്” എന്നാണ് സെലെൻസ്കി പറഞ്ഞത്. 2022 ഫെബ്രുവരിയിലെ പൂർണ്ണതോതിലുള്ള അധിനിവേശത്തിനുശേഷം യുക്രൈൻ രേഖപ്പെടുത്തിയ കണക്കിൽ, നിലവിൽ റഷ്യ കൈവശം വച്ചിരിക്കുന്ന യുക്രേനിയൻ പ്രദേശത്തിന്റെ ഭൂരിഭാഗവും ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയ്‌ക്കെതിരായ യുദ്ധകുറ്റക്കേസുകളിൽ ഭൂരിഭാഗവും യുക്രൈൻ അന്വേഷിക്കുകയും പ്രാദേശികമായി വിചാരണ നടത്തുകയും ചെയ്യുന്നുണ്ട്.