കിഴക്കന്‍ ഡോണ്‍ബാസ് മേഖലയെ റഷ്യന്‍ സൈന്യം പൂര്‍ണമായി നശിപ്പിച്ചതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ‘അവിടം അവര്‍ നരകമാക്കി മാറ്റി’. റഷ്യ ആക്രമണം കേന്ദ്രീകരിച്ച പ്രദേശത്തെ വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കൈവില്‍ നിന്നുള്ള തന്റെ രാത്രി പ്രസംഗത്തിനിടെയാണ്, റഷ്യന്‍ സൈന്യം ഡോണ്‍ബാസ് പ്രദേശം നിരപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞത്. ‘അവിടെ ഒഡെസ മേഖലയില്‍, മധ്യ യുക്രെയ്‌നിലെ നഗരങ്ങളില്‍ നിരന്തരമായ അനശ്ചിതത്വങ്ങളാണ്. ഡോണ്‍ബാസ് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു’. അദ്ദേഹം പറഞ്ഞു. ‘റഷ്യയുടെ ഭാഗത്തു നിന്ന് ഇതിനൊന്നും വിശദീകരണമില്ല’. സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
‘ഇത് കഴിയുന്നത്ര യുക്രേനിയക്കാരെ കൊല്ലാനുള്ള ബോധപൂര്‍വവും കുറ്റകരവുമായ ശ്രമമാണ്. കഴിയുന്നത്ര വീടുകളും സാമൂഹിക സൗകര്യങ്ങളും സംരംഭങ്ങളും നശിപ്പിക്കുക എന്നതാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്’. യുക്രേനിയന്‍ നേതാവ് പറഞ്ഞു.
ഡോണ്‍ബാസില്‍ റഷ്യ ആക്രമണം ശക്തമാക്കിയെന്നും സിവിലിയന്‍മാര്‍ പലായനം ചെയ്യുന്നത് തടയുന്നുവെന്നും വ്യാഴാഴ്ച യുക്രൈന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.
യുഎസ് സെനറ്റര്‍മാര്‍ ഏറ്റവും ഒടുവിലായി യുക്രെയ്നിന് ഏകദേശം 40 ബില്യണ്‍ ഡോളര്‍ (32 ബില്യണ്‍ പൗണ്ട്) സഹായം അനുവദിച്ചിട്ടുണ്ട്. റഷ്യന്‍ ആക്രമണം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ പിന്തുണാ പാക്കേജാണിത്. നാറ്റോ അംഗത്വത്തിനായുള്ള ശ്രമങ്ങളില്‍ ഫിന്‍ലന്‍ഡിനും സ്വീഡനും പൂര്‍ണ പിന്തുണയുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.