Friday, April 4, 2025

സൈന്യത്തില്‍ ചേരുന്നവര്‍ക്ക് റെക്കോര്‍ഡ് പ്രതിഫലം; ആളെക്കൂട്ടാന്‍ തന്ത്രവുമായി പുടിന്‍

ഉക്രെയ്‌നെതിരെ യുദ്ധം ചെയ്യാന്‍ ജനങ്ങള്‍ക്ക് റഷ്യ പണം നല്‍കി സൈന്യത്തിലെടുക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായാണ് ഇത്തരമൊരു നീക്കം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മോസ്‌കോ നഗരത്തിലെ അധികാരികള്‍ യുക്രെയ്‌നില്‍ യുദ്ധം ചെയ്യാന്‍ പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്ക് റെക്കോര്‍ഡ് ബോണസ് വാഗ്ദാനം ചെയ്യുകയാണ്. ഉക്രെയ്‌നിലെ റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം അതിന്റെ മൂന്നാം വര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ പുടിന്‍ തന്റെ സൈന്യത്തിലേക്ക് സൈനികരെ റിക്രൂട്ട് ചെയ്യാന്‍ പാടുപെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ സൈന്യത്തില്‍ ചേരുന്ന നഗരവാസികള്‍ക്കായി 1.9 ദശലക്ഷം റൂബിള്‍സ് (ഏകദേശം $22,000) ഒറ്റത്തവണ സൈനിംഗ് ബോണസ് നല്‍കുമെന്ന് ചൊവ്വാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഈ ഓഫര്‍ ഏറ്റെടുക്കുന്ന ആര്‍ക്കും അവരുടെ ആദ്യ വര്‍ഷത്തെ സേവനത്തില്‍ 5.2 ദശലക്ഷം റൂബിള്‍സ് ($59,600) ലഭിക്കും.

ഉക്രെയ്‌നിലെ പോരാട്ടത്തില്‍ പങ്കെടുത്ത് പരിക്ക് പറ്റുന്നവര്‍ക്ക് ഏകദേശം $5,690-$11,390 വരെ ഒറ്റത്തവണ ക്യാഷ് പേയ്‌മെന്റുകള്‍ ലഭിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഡിസംബറില്‍ ക്രെംലിന്‍ പ്രസിദ്ധീകരിച്ച ഒരു ഉത്തരവനുസരിച്ച്, സൈനികരുടെ എണ്ണം 170,000 മായി വര്‍ദ്ധിപ്പിക്കാന്‍ പുടിന്‍ ഉത്തരവിട്ടിരുന്നു.

മെയ്, ജൂണ്‍ മാസങ്ങളില്‍ മാത്രം 70,000 സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് യുകെ പ്രതിരോധ മന്ത്രാലയം പറയുന്നത്. ഉക്രെയ്ന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് റഷ്യയ്ക്ക് ഉണ്ടായിരുന്ന സജീവ ഡ്യൂട്ടി ഗ്രൗണ്ട് ട്രൂപ്പുകളുടെ 87% നഷ്ടപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഉക്രെയ്നില്‍ യുദ്ധം ചെയ്യാന്‍ റഷ്യ 15,000 നേപ്പാളികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. വിദേശ പോരാളികള്‍ക്കായുള്ള റഷ്യയുടെ സൈനിക അക്കാദമികളില്‍ പരിശീലനം നേടിയവരില്‍ അഫ്ഗാന്‍, ഇന്ത്യന്‍, കോംഗോ, ഈജിപ്ഷ്യന്‍ റിക്രൂട്ട്മെന്റുകളും ഉള്‍പ്പെടുന്നുവെന്ന് ഒരു നേപ്പാളി സൈനികന്‍ പറഞ്ഞു.

 

 

Latest News