മെയ് 18 ന് ആദ്യ റൗണ്ട് വോട്ടെടുപ്പ് നടക്കാനിരിക്കെ, തങ്ങളുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെടാൻ ശ്രമിക്കുന്നതായി പോളണ്ട് ഡിജിറ്റൽ കാര്യ മന്ത്രി. യുക്രൈനുള്ള സഹായകേന്ദ്രമെന്ന നിലയിൽ തങ്ങൾ റഷ്യൻ അട്ടിമറി, സൈബർ ആക്രമണങ്ങൾ എന്നിവയ്ക്ക് ഇരയായിട്ടുണ്ടെന്ന് പോളണ്ട് പറയുന്നു. പ്രത്യേകിച്ചും ഡിസംബറിൽ റൊമാനിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനുശേഷം ഇടപെടലുകൾക്കെതിരെ അവർ അതീവ ജാഗ്രതയിലാണ്.
“പോളണ്ടിലെ നിലവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിൽ, റഷ്യൻ പക്ഷത്തുനിന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനുള്ള ശ്രമം ഞങ്ങൾ നേരിടുന്നുണ്ട്” – ക്രിസ്റ്റോഫ് ഗാവ്‌കോവ്‌സ്കി ഒരു പ്രതിരോധ സമ്മേളനത്തിൽ പറഞ്ഞു. വിദേശ തിരഞ്ഞെടുപ്പുകളിൽ ഇടപെടുന്നുവെന്ന ആരോപണം റഷ്യ ആവർത്തിച്ചു നിഷേധിച്ചിട്ടുണ്ട്. ചൂട്, വൈദ്യുതി നിലയങ്ങൾ, സംസ്ഥാന ഭരണസ്ഥാപനങ്ങൾ എന്നിവയെല്ലാം ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അത്തരം ആക്രമണങ്ങളിൽ റഷ്യയുടെ പങ്കാളിത്തം ഈ വർഷം ഇരട്ടിയിലധികമായെന്നും ഗാവ്കോവ്സ്കി പറഞ്ഞു.