Friday, April 11, 2025

യുക്രൈനിലെ യുദ്ധം; മലയാളികളെ സുരക്ഷിതരാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

യുക്രൈന്‍ യുദ്ധത്തില്‍ ആശങ്കയുണ്ടെന്നും മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്ന് നിരവധി പേര്‍ അവിടെ ഉണ്ട്. അവരെ തിരികെ കൊണ്ട് വരാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഇന്ത്യക്കാരെ കൊണ്ടുവരാന്‍ പോയ എയര്‍ ഇന്ത്യ വിമാനം തലസ്ഥാനമായ കിയയില്‍ നിന്നും മടങ്ങി. വിമാനത്താവളം അടച്ചതിനാല്‍ രക്ഷാ ദൗത്യം പൂര്‍ത്തിയാക്കാനായില്ല. ഇന്ത്യയുടെ വന്ദേഭാരത് വിമാനം രാവിലെ ഏഴരക്കായിരുന്നു ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടത്. ബോറിസില്‍ എത്തിയ ശേഷം യാത്രക്കാരെ കൊണ്ടു വരാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.

വ്യോമ താവളങ്ങളിലെല്ലാം നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്. വരുന്ന ദിവസങ്ങളിലെല്ലാം തന്നെ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ അയക്കാന്‍ തീരുമാനമുണ്ടായിരുന്നു. നിരവധി വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. ടിക്കെറ്റെടുത്തവര്‍ക്ക് തിരികെ മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇവരുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

യുക്രൈനിലെ സംഘര്‍ഷ മേഖലയില്‍ മലയാളി വിദ്യാര്‍ഥികളും കുടുങ്ങിയെന്നാണ് സൂചന. ഒഡേസ സര്‍വകലാശാലയിലെ 200 മലയാളി വിദ്യാര്‍ഥികള്‍ സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയതായാണ് വിവരം. ഖര്‍ഖീവ് സര്‍വകലാശാലയുടെ ഹോസ്റ്റലിന് മുന്നില്‍ സ്ഥോടനമുണ്ടായി. ഇവിടെ 13 മലയാളി വിദ്യാര്‍ഥികളും കുടുങ്ങിയിട്ടുണ്ട്. വിവരം ആശങ്കപ്പെടുത്തുന്നതെന്ന് നോര്‍ക്ക പ്രതികരിച്ചു.

 

Latest News