കിഴക്കൻ യുക്രേനിയൻ നഗരമായ പാവ്‌ലോഹ്രാദിൽ ഇതുവരെ നടത്തിയതിൽവച്ച് ഏറ്റവും വലിയ ആക്രമണം നടത്തി റഷ്യ. നൂറുകണക്കിന് കാമികേസ് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ആറുമണിക്കൂർ നീണ്ടുനിന്ന ബോംബാക്രമണം നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ഒന്നായിരുന്നു. ആക്രമണത്തിൽ ഒരു ഫാക്ടറിക്ക് കേടുപാടുകൾ സംഭവിച്ചതായും ഒരു ഫയർ സ്റ്റേഷൻ തകർന്നതായും അഞ്ചു നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടം തകർന്നതായും ഡിനിപ്രോപെട്രോവ്സ്ക് മേഖലയുടെ തലവൻ സെർജി ലൈസാക് അറിയിച്ചു.
“പാവ്‌ലോഹ്രാദിന് ഇത് നരകതുല്യമായ ഒരു രാത്രിയായിരുന്നു. നഗരത്തിനു നേരെയുണ്ടായ ഏറ്റവും തീവ്രമായ ആക്രമണം. ഒന്നിനുപിറകെ ഒന്നായി സ്ഫോടനങ്ങൾ. റഷ്യൻ ഭീകരർ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നഗരത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തി” – അദ്ദേഹം പറഞ്ഞു. നിരവധി ഇടങ്ങളിൽ തീപിടുത്തങ്ങൾ ഉണ്ടായതായും കണ്ടതിൽവച്ച് ഏറ്റവും മോശം രാത്രിയായിരുന്നു കഴിഞ്ഞതെന്നും പ്രദേശവാസികളും പറഞ്ഞു.

