യുക്രൈന്റെ ഊര്‍ജസംവിധാനങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തി റഷ്യ. തലസ്ഥാനമായ കീവിലും ഡൊണെറ്റ്സ്ക്, ലിവിവ്, ഒഡെസ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലെ ഒന്നിലധികം ലക്ഷ്യങ്ങളിലും നടന്ന ആക്രമണത്തിൽ കുറഞ്ഞത് പത്തു പേർ കൊല്ലപ്പെട്ടതായും പ്രസിഡന്റ് സെലൻസ്കി വെളിപ്പെടുത്തി.
കഴിഞ്ഞ രാത്രിയില്‍ നടത്തിയ ആക്രമണത്തില്‍ റഷ്യ 120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചെന്നാണ് കണക്കുകള്‍. ആക്രമണങ്ങളില്‍ ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചുള്ള വ്യാപകമായ ആക്രമണമാണ് റഷ്യ നടത്തിയത് എന്നാണ് യുക്രൈന്റെ എയര്‍ ഫോഴ്‌സ് നല്‍കുന്ന വിശദീകരണം.
റഷ്യ – യുക്രൈൻ യുദ്ധത്തില്‍ സിവിലിയന്മാര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ ആക്രമണം. 2022 ല്‍ യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചതിനുശേഷം 622 കുട്ടികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ 11,973 പേർ കൊല്ലപ്പെട്ടതായി യു. എന്‍. വ്യക്തമാക്കുന്നു.