യുക്രെയ്നുമായുള്ള യുദ്ധത്തില്‍ റഷ്യ രാസായുധവും പ്രയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. കഴിഞ്ഞ ദിവസം യുഎസിന്റെ സഹായത്തോടെ യുക്രെയ്ന് രഹസ്യ രാസായുധ ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് റഷ്യ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രതികരണം. യുക്രെയ്നെതിരെ രാസായുധം പ്രയോഗിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായായിരിക്കാം റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇത്തരമൊരു ആരോപണമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പസ്കി വ്യക്തമാക്കിയത്. ഇത് റഷ്യയുടെ അപകടകരമായ നീക്കമാണെന്നും അവര്‍ പറഞ്ഞു.
യുദ്ധം രൂക്ഷമാകുന്നതിലും പരമ്പരാഗതമല്ലാത്ത ആയുധങ്ങള്‍ റഷ്യ പ്രയോഗിക്കാനുള്ള സാധ്യതയും ഏവരേയും ആശങ്കപ്പെടുത്തുന്നതായും യുഎസ് അഭിപ്രായപ്പെട്ടു.
‘യുക്രെയ്നെതിരായി മുന്‍കൂട്ടി നിശ്ചയിച്ച ആക്രമണത്തെ ന്യായീകരിക്കാനുള്ള റഷ്യയുടെ വ്യക്തമായ തന്ത്രമാണിത്. ഇപ്പോള്‍ റഷ്യയുടെ ഈ തെറ്റായ അവകാശ വാദങ്ങള്‍ ചൈന അംഗീകരിച്ചതായും തോന്നുന്നു. യുക്രെനില്‍ റഷ്യ രാസ, ജൈവ ആയുധങ്ങള്‍ ഉപയോഗിക്കുന്നോ എന്നതില്‍ നമ്മളെല്ലാവരും ശ്രദ്ധ പുലര്‍ത്തണം,’ ജെന്‍ പസ്കി ട്വീറ്റ് ചെയ്തു. നേരത്തെ സിറിയന്‍ ആഭ്യന്തര യുദ്ധത്തിലുള്‍പ്പെടെ റഷ്യന്‍ സൈന്യം രാസായുധം പ്രയോഗിച്ചെന്ന ആരോപണം ഉണ്ടായിരുന്നു.