മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറി സമുച്ചയത്തില്‍ അഭയം തേടിയ ജനങ്ങളെ ഒഴിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അതു ലംഘിച്ച് റഷ്യ റോക്കറ്റാക്രമണം നടത്തി. സോവിയറ്റ് യൂണിയന്റെ കാലത്തു നിര്‍മിച്ച കൂറ്റന്‍ ഫാക്ടറി സമുച്ചയത്തിലേയ്ക്ക് റഷ്യന്‍ സൈനികര്‍ ഇരച്ചുകയറി. ഐക്യരാഷ്ട്ര സംഘടന മുന്‍കൈയെടുത്തുള്ള ഒഴിപ്പിക്കല്‍ പൂര്‍ത്തിയായിട്ടില്ല. ഇനിയും ഇരുനൂറോളം പേര് കൂടി ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കിയുള്ളവരെ സുരക്ഷിതമായി സപൊറീഷയില്‍ എത്തിച്ചു.
യുക്രൈന്റെ അസോവ് ബറ്റാലിയന് സംരക്ഷണം നല്കുന്ന ഫാക്ടറിയില്‍ നിന്നു പ്രകോപനമുണ്ടായതിനു മറുപടിയായാണ് റോക്കറ്റാക്രമണമെന്നു റഷ്യ വിശദീകരിച്ചു. റഷ്യന്‍ സൈനികര്‍ ഫാക്ടറി സമുച്ചയത്തിലേയ്ക്കു കടന്നു കയറിയെന്ന് അസോവ് ബറ്റാലിയന് ഡെപ്യൂട്ടി കമാന്‍ഡര്‍ സ്ഥിരീകരിച്ചു.
അസേവ്സ്റ്റാള് ഉരുക്കു ഫാക്ടറി സമുച്ചയം ഒഴികെ മരിയുപോള്‍ നഗരം റഷ്യ കീഴടക്കിക്കഴിഞ്ഞു. ഹര്‍കീവിലും ഡോണെട്സ്കിലും ആക്രമണം രൂക്ഷമാക്കി. ഡൊണെക്സികില് റഷ്യയുടെ ഷെല്ലാക്രമണത്തില്‍ 9 നാട്ടുകാര്‍ കൊല്ലപ്പെട്ടു.