Thursday, January 23, 2025

സിറിയൻ താവളങ്ങളിൽനിന്ന് റഷ്യ വലിയ തോതിൽ ഉപകരണങ്ങൾ നീക്കുന്നു

ഭാഗികമായ പിൻവാങ്ങലിനുള്ള തയ്യാറെടുപ്പുകളുടെ സൂചനയായി സിറിയയിൽനിന്ന് വലിയ അളവിൽ സൈനിക ഉപകരണങ്ങൾ നീക്കം ചെയ്ത് റഷ്യ. പടിഞ്ഞാറൻ സിറിയയിലെ റഷ്യൻ നിയന്ത്രണത്തിലുള്ള തുറമുഖത്തും വ്യോമതാവളത്തിലും നിന്ന് സൈനികവാഹനങ്ങൾ നീക്കം ചെയ്യുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ വിശകലനം ചെയ്തശേഷമാണ് വിദഗ്ദ്ധർ ഇക്കാര്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ഗതാഗതവിമാനങ്ങൾ രാജ്യത്ത് എത്തുകയും പോകുകയും ചെയ്യുന്നതും ഈ താവളങ്ങളിലേക്ക് വടക്കോട്ടു നീങ്ങുന്ന റഷ്യൻ സൈനികട്രക്കുകളുടെ വിപുലമായ നിരകൾ കാണിക്കുന്നതുമായ ജിയോലോക്കേറ്റഡ് വീഡിയോകളും ബി. ബി. സി. പുറത്തുവിട്ടിരുന്നു. ഇത് റഷ്യൻ സൈന്യത്തെ കുറയ്ക്കുന്നതിനോ, പൂർണ്ണമായും പിൻവലിക്കുന്നതിനോ ഉള്ള തയ്യാറെടുപ്പുകളെ സൂചിപ്പിക്കുന്നു എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ വ്യക്തമാക്കി.

ഡമാസ്കസിലെ പുതിയ സർക്കാരുമായി മോസ്കോ ചർച്ച നടത്തുമ്പോൾ സൈനികവാഹനങ്ങൾ തങ്ങളുടെ താവളങ്ങളിലേക്കു മാറ്റുന്നത് മുൻകരുതൽ നടപടിയായിരിക്കുമെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് കൂട്ടിച്ചേർത്തു.

ബഷാർ അൽ അസദിന്റെ ഭരണകാലത്ത് സിറിയയിൽ റഷ്യയ്ക്ക് ഗണ്യമായ സൈനികസാന്നിധ്യം ഉണ്ടായിരുന്നു. 2011 ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അധികാരത്തിൽ തുടരാൻ റഷ്യൻ സൈന്യം അദ്ദേഹത്തെ സഹായിച്ചിരുന്നു.

1970 കളിൽ സോവിയറ്റ് യൂണിയൻ സ്ഥാപിച്ച ടാർട്ടസിലെ തുറമുഖവും പിന്നീട് 2012 ൽ റഷ്യ വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്തു. 2015 മുതൽ പ്രവർത്തനക്ഷമമായതും അസദിനെ പിന്തുണച്ച് സിറിയയിലുടനീളം വ്യോമാക്രമണം നടത്താൻ ഉപയോഗിച്ചിരുന്നതുമായ ഹെമിമിമിലെ എയർബേസും റഷ്യയുടെ സിറിയയിലെ താവളങ്ങൾ ആയിരുന്നു.

മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, മെഡിറ്ററേനിയൻ കടൽ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്ന റഷ്യയുടെ പ്രധാന തന്ത്രപരമായ താവളങ്ങളായി ഇവ രണ്ടും മാറി.

Latest News