യുക്രൈനുമായി സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ തയ്യാറാണെന്ന് അറിയിച്ച് പുടിന്റെ പ്രതിനിധി. വൈറ്റ് ഹൗസിൽ നടന്ന ഉന്നതതല ചർച്ചകൾക്കുശേഷം യുക്രൈനു വേണ്ടിയുള്ള സുരക്ഷാ ഗ്യാരണ്ടികൾ സ്വീകാര്യമാണെന്ന് റഷ്യൻ ചർച്ചക്കാരനായ കിറിൽ ദിമിട്രിവ് പറഞ്ഞു.
2022 ഫെബ്രുവരിയിൽ യുക്രൈനിലെ, മോസ്കോയുടെ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അടുത്ത ഉപദേഷ്ടാവായ ദിമിട്രിവിന്റെ വാഷിംഗ്ടണിലേക്കുള്ള ആദ്യത്തെ ഉന്നതതല സന്ദർശനമാണിത്.
പരസ്പരം അടിസ്ഥാന സൗകര്യങ്ങളും ഊർജനിലയങ്ങളും ആക്രമിക്കരുതെന്ന കരാർ റഷ്യ ആവർത്തിച്ചു ലംഘിച്ചുവെന്ന് യുക്രൈൻ ആരോപിച്ചതോടെ, രണ്ട് യുദ്ധരാജ്യങ്ങൾ തമ്മിലുള്ള സമാധാന കരാറിനുള്ള പ്രതീക്ഷകൾ മങ്ങിയിരിക്കുകയാണ്.
യുക്രൈൻ, റഷ്യൻ ഊർജലക്ഷ്യങ്ങൾ ആക്രമിച്ചുവെന്ന് ദിമിട്രിവ് വാദിച്ചു. എന്നാൽ വൈറ്റ് ഹൗസ് ചർച്ചകൾക്കുശേഷം ‘പോസിറ്റീവ് ഫലം’ ലഭിച്ചുവെന്ന് അവകാശപ്പെടുകയായിരുന്നു. കൂടാതെ, കീവിനുള്ള സുരക്ഷാ ഗ്യാരണ്ടികൾക്ക് ക്രെംലിൻ തുറന്നിരിക്കാമെന്നും സമ്മതിച്ചു. “ഏതെങ്കിലും രൂപത്തിൽ ചില സുരക്ഷാ ഗ്യാരണ്ടികൾ സ്വീകാര്യമായേക്കാം” – ഏതൊക്കെയാണെന്നു വ്യക്തമാക്കാതെ ദിമിട്രിവ് പറഞ്ഞു.