പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ പരിഭ്രാന്തിയിലാണെന്ന് റിപ്പോര്‍ട്ട്. യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ് ഐസിസി പുടിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ക്രെംലിനില്‍ ഒരു പ്രത്യേക യോഗം സംഘടിപ്പിച്ചതായി ഉദ്യോഗസ്ഥരില്‍ പലരും പറഞ്ഞതായി മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനില്‍ ആക്രമണം തുടങ്ങിയത്. യുക്രൈനില്‍ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തി എന്നത് ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പുടിനെതിരെ ചുമത്തിയിട്ടുള്ളത്. 2022 ഫെബ്രുവരി 24 മുതലാണ് യുക്രൈനില്‍ കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് ഐസിസി പറയുന്നു. ഈ നീക്കത്തെ റഷ്യ അപലപിച്ചെങ്കിലും ഇനി ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് റഷ്യ ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇത് റഷ്യയിലെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആഹ്വാനമാണെന്ന് ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധി പറഞ്ഞതായി മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഐസിസിയുടെ തീരുമാനത്തിന്റെ പേരിലുണ്ടാകാന്‍ സാധ്യതയുള്ള രാഷ്ട്രീയ അസ്ഥിരതയെക്കുറിച്ചും ലോകത്തിന് മുന്നില്‍ പുടിന്റെ പ്രതിഛായയ്ക്ക് അത് മങ്ങലേല്‍പ്പിക്കുന്നതിനെക്കുറിച്ചും ഏഴ് ഉന്നതോദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചതായി മോസ്‌കോ ടൈംസ് പറയുന്നു.