യുക്രെയ്നിലെ ആയുധപ്പുരകളും ആയുധമെത്തിക്കുന്ന വഴികളും തകര്‍ക്കുന്നത് തുടര്‍ന്ന് റഷ്യ. ആക്രമണത്തിന്റെ 100-ാം ദിനത്തിലാണ് റഷ്യ യുക്രെയ്നിലെ കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ റെയില്‍ പാതകള്‍ തകര്‍ത്തത്.
ഡോണ്‍ബാസ് മേഖല പൂര്‍ണ്ണമായും പിടിക്കുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ ശക്തികള്‍ കീവിലേയ്ക്ക് നല്‍കുന്ന എല്ലാ പ്രതിരോധ സഹായവും മുടക്കാനാണ് പുടിന്‍ ശ്രമിക്കുന്നത്. യുക്രെയ്ന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കാന്‍ ശ്രമിക്കുന്നതിലൂടെ എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് അമേരിക്കയെന്നും റഷ്യ ആരോപിച്ചു.
ഇതിനിടെ റഷ്യയെ പ്രതിരോധിക്കാന്‍ കൂടനില്‍ക്കുമെന്നാണ് അമേരിക്ക ആവര്‍ത്തിക്കുന്നത്. യുക്രെയ്ന് സ്വയം പ്രതിരോധിക്കാനാണ് ആയുധങ്ങള്‍ നല്‍കുന്നത്. യുക്രെയ്ന്‍ അതിര്‍ത്തി കടത്തി ഒരു കാരണവശാലും തങ്ങള്‍ നല്‍കുന്ന മിസൈലുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കരുതെന്ന കര്‍ശന ഉപാധി വച്ചിട്ടുണ്ട്. കരുത്തുറ്റ മിസൈല്‍ വിന്യാസമാണ് നടത്തുന്നത്. തങ്ങളുടെ മിസൈലുകള്‍, നിലവില്‍ നടക്കുന്ന ആക്രമണം നിര്‍ത്താന്‍ റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദമാകുമെന്നാണ് ബൈഡന്‍ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.
റഷ്യ താല്‍ക്കാലികമായി കയ്യടക്കി വെച്ചിരിക്കുന്ന എല്ലാ മേഖലകളും തിരികെ പിടിക്കുക എന്നത് യുക്രെയ്ന്‍ന്റെ ആവശ്യമാണ്. റഷ്യയെന്ന ശക്തിക്കെതിരെ യുക്രെയ്നെ ശക്തിപ്പെടുത്തുക എന്നതില്‍ നിന്ന് അമേരിക്ക പിന്നോട്ട് പോകില്ല എന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് ബൈഡന്‍ ഭരണകൂടം പറയുന്നത്. അതേസമയം യുക്രെയ്നെ ആയുധം നല്‍കി ശാക്തീകരിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ഫലം ഗുരതരമായിരിക്കുമെന്നും ജനങ്ങള്‍ ഭരണകൂടത്തിന്റെ തെറ്റുകള്‍ക്ക് വലിയ ദുരന്തം ഇനിയും ഏറ്റുവാങ്ങേണ്ടിവരുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കുകയാണ്.