ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട റഷ്യൻ ഉപഗ്രഹം നിയന്ത്രണം വിട്ട് കറങ്ങുകയാണെന്ന് യു എസ് വിശകലന വിദഗ്ധർ. ആണവ ഉപഗ്രഹ വിരുദ്ധ ആയുധപദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്ന ബഹിരാകാശത്തെ ഒരു രഹസ്യ റഷ്യൻ ഉപഗ്രഹമാണ് അനിയന്ത്രിതമായി കറങ്ങുന്നത്. ഇത് മോസ്കോയുടെ ബഹിരാകാശ ആയുധശ്രമങ്ങൾക്കു തിരിച്ചടിയായേക്കാമെന്നാണ് ഇവരുടെ അഭിപ്രായം.
2022 ൽ യുക്രൈൻ ആക്രമിക്കുന്നതിന് ആഴ്ചകൾക്കുമുമ്പ് റഷ്യ വിക്ഷേപിച്ച കോസ്മോസ് 2553 ഉപഗ്രഹം, കഴിഞ്ഞ ഒരു വർഷത്തിനിടെ തെറ്റായി കറങ്ങിയിട്ടുണ്ട്. റഷ്യൻ രഹസ്യാന്വേഷണത്തിനായുള്ള റഡാർ ഉപഗ്രഹമായും റേഡിയേഷൻ പരിശോധനാ പ്ലാറ്റ്‌ഫോമായും കണക്കാക്കപ്പെടുന്ന ഈ ഉപഗ്രഹം, കഴിഞ്ഞ വർഷം യു എസ് ആരോപിച്ച പ്രധാന ആരോപണങ്ങളിലൊന്നായിരുന്നു. വർഷങ്ങളായി റഷ്യ മുഴുവൻ ഉപഗ്രഹശൃംഖലകളെയും നശിപ്പിക്കാൻ കഴിവുള്ള ഒരു ആണവായുധം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കോസ്മോസ് 2553 ഒരു ആയുധമല്ലെങ്കിലും, റഷ്യയുടെ ആണവ ഉപഗ്രഹ വിരുദ്ധ ആയുധം വികസിപ്പിക്കുന്നതിന് സഹായിക്കുക എന്നതാണ് അതിന്റെ ഉദ്ദേശ്യമെന്ന് യു എസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. അതേസമയം, അത്തരമൊരു ആയുധം വികസിപ്പിക്കുന്നില്ലെന്ന് റഷ്യ നിഷേധിക്കുകയും കോസ്മോസ് 2553 ഗവേഷണ ആവശ്യങ്ങൾക്കുള്ളതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്.