Friday, April 18, 2025

ആയിരത്തിലധികം യുക്രൈന്‍ സൈനികര്‍ കീഴടങ്ങി, മരിയുപോള്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി റഷ്യ; നിഷേധിച്ച് യുക്രൈന്‍

യുക്രൈന്റെ കിഴക്കന്‍ തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി റഷ്യ. ആയിരത്തിലധികം യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയെന്നും മരിയുപോള്‍ പിടിച്ചെടുത്തെന്നുമാണ് റഷ്യ അവകാശപ്പെടുന്നത്. മറൈന്‍ ബ്രിഗേഡിലെ 1,026 സൈനികരും വനിതകളും സ്വമേധയാ ആയുധങ്ങള്‍ ഉപേക്ഷിച്ച് കീഴടങ്ങി. സൈനിക ഏറ്റുമുട്ടലില്‍ യുക്രൈന്റെ 151 സൈനികര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് റഷ്യന്‍ സൈനികര്‍ പ്രഥമശുശ്രൂഷ നല്‍കിയതായും കൂടുതല്‍ ചികിത്സയ്ക്കായി അടുത്തുള്ള മരിയുപോള്‍ സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിയതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, റഷ്യയുടെ അവകാശവാദങ്ങള്‍ യുക്രൈന്‍ നിഷേധിച്ചു. ഇത് സംബന്ധിച്ച യാതൊരു വിവരങ്ങളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് യുക്രൈന്‍ വ്യക്തമാക്കുന്നത്.

മരിയുപോള്‍ നഗരത്തില്‍ യുക്രൈന്‍ പട്ടാളം കീഴടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലിലൂടെ പുറത്ത് വിട്ടിരുന്നു. കീഴടങ്ങിയ 1,026 സൈനികരില്‍ 162 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും റഷ്യ അവകാശപ്പെടുന്നു. നിബന്ധനകള്‍ ഒന്നുമില്ലാതെ സ്വമേധയാ യുക്രൈന്‍ സൈനികര്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിടുന്ന വിവരം. മരിയുപോളിലെ ഉരുക്കു നിര്‍മ്മാണ ശാലകള്‍ സ്ഥിതി ചെയ്യുന്ന അസോവ്‌സ്താല്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് റഷ്യ പറയുന്നത്. എന്നാല്‍, അസോവ്‌സ്താലും തുറമുഖവും ഇപ്പോഴും യുക്രൈന്റെ നിയന്ത്രണത്തിലാണെന്ന് യുക്രൈന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, രാജ്യത്തിന്റെ മഹത്തായ നേട്ടങ്ങള്‍ കൈവരിക്കും വരെ യുദ്ധം തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വ്യക്തമാക്കി. പൊതുവേദിയിലാണ് പുടിന്റെ പ്രതികരണം. സമാധാന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിയെന്നും യുദ്ധം ആസൂത്രണം ചെയ്തപോലെ ആറാം ആഴ്ചയിലും തുടരുന്നുവെന്നും പുടിന്‍ പറഞ്ഞു. ബുച്ചയില്‍ കൂട്ടക്കൊല നടന്നു എന്നത് വ്യാജവാര്‍ത്തയാണ്. യുക്രൈനിലെ ഡോണ്‍ബാസില്‍ റഷ്യക്കാരുടെ വംശഹത്യ ഒഴിവാക്കുന്നതിനും റഷ്യന്‍ വിരുദ്ധ മനോഭാവം തടയുന്നതിനും ആണ് സൈന്യത്തെ അയച്ചതെന്നാണ് റഷ്യന്‍ പ്രസിഡന്റ് ഉയര്‍ത്തിയ വാദം.

കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ യുദ്ധം ആരംഭിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു. കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കെതിരെ യുക്രൈന്‍ വംശഹത്യ നടത്തിയതായി റഷ്യയുടെ ഭാഗത്ത് നിന്ന് ആരോപണമുണ്ട്. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ല. തങ്ങളുടെ ലക്ഷ്യം വ്യക്തവും അത് മഹത്തരവുമാണെന്നും പുടിന്‍ വ്യക്തമാക്കി. റഷ്യയുടെ മുന്നില്‍ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. ആധുനിക ലോകത്തില്‍ ആരെയും ഒറ്റപ്പെടുത്താന്‍ ഒരു ശക്തിക്കും സാധിക്കില്ല. പാശ്ചാത്യശക്തികളുടെ ഉപരോധത്തിന് തിരിച്ചടി നല്‍കുമെന്നും പുടിന്‍ പറഞ്ഞു.

 

Latest News