റഷ്യ, യുക്രൈന്‍ അധിനിവേശം ആരംഭിച്ച് ഏതാണ്ട് മൂന്ന് മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, യൂറോപ്പിന്റെ വടക്കന്‍ കിഴക്കന്‍ മേഖലയില്‍ റഷ്യ പുതിയൊരു യുദ്ധമുഖം തുറക്കുകയാണോയെന്ന ആശങ്കയിലാണിപ്പോള്‍ ലോകം. റഷ്യ, ഫിന്‍ലന്‍ഡ് ആക്രമിക്കുമോ എന്നതാണ് ആശങ്ക. റഷ്യയുടെ യുദ്ധ നീക്കം രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക ബാലാബലത്തിലേക്ക് ലോകത്തെ വീണ്ടും എത്തിക്കുമോയെന്ന ഭയവും നിലനില്‍ക്കുകയാണ്.
ഫിന്‍ലന്‍ഡ് നാറ്റോയില്‍ ചേരാന്‍ തയാറെടുക്കുന്നതാണ് റഷ്യയെ ചൊടിപ്പിക്കുന്നത്. യുക്രൈന്‍ ആക്രമണം റഷ്യ കടുപ്പിച്ചതിനെ തുടര്‍ന്നാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ അംഗത്വത്തിനായി ശ്രമം ആരംഭിച്ചത്. എന്നാല്‍ നാറ്റോയില്‍ അംഗത്വം സ്വീകരിക്കാനുള്ള ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതാണ് ഫിന്‍ലന്‍ഡിനും സ്വീഡനും നല്ലതെന്നും റഷ്യ അറിയിച്ചിരുന്നു. റഷ്യന്‍ അധിനിവേശം ഭയന്നാണ് പതിറ്റാണ്ടുകളായി ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. റഷ്യയുമായി 1,300 കിലോമീറ്റോളം അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡിന്റെ
പ്രദേശത്ത് അധിനിവേശം നടത്തുമെന്നാണ് റഷ്യയുടെ ഭീഷണി. ഫിന്‍ലന്‍ഡ് തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ റഷ്യയുടെ അടുത്ത പ്രതികരണമാണ് ലോകം ഉറ്റുനോക്കുന്നത്.
ഏറ്റവും ഭയപ്പെടുത്തുന്നത്, നാറ്റോ സൈനിക സഖ്യത്തില്‍ ചേരാനുള്ള തീരുമാനം ഫിന്‍ലാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഫിന്‍ലാന്‍ഡ് അതിര്‍ത്തിയിലേക്ക് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഇസ്‌കന്ദര്‍ മിസൈലുകള്‍ റഷ്യ അയച്ചു കഴിഞ്ഞു എന്ന വാര്‍ത്തയാണ്. ഒരു ഡസനിലധികം റഷ്യന്‍ സൈനിക വാഹനങ്ങളാണ് റഷ്യ-ഫിന്‍ലാന്‍ഡ് അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിയത്. ഫിന്‍ലാന്‍ഡ് അതിര്‍ത്തിയില്‍ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ റഷ്യ ഇതിനകം വ്യാപകമായി വിന്യസിച്ചതായും കരുതപ്പെടുന്നു. യുഎസ് രഹസ്യാന്വേഷണ വിഭാഗം ഇസ്‌കന്ദറിനെ ഏറ്റവും ഗുരുതരമായ ഭീഷണിയായാണ് കാണുന്നതെന്ന് ആണവായുധങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്ന യുഎസ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫെബ്രുവരി 24 ന് യുക്രൈന്‍ അക്രമണത്തിന് തുടക്കം കുറിയ്ക്കാന്‍ റഷ്യയുടെ മുന്നിലുണ്ടായിരുന്ന പ്രധാന കാരണം, യുക്രൈന്‍, യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്നുവെന്നതായിരുന്നു. അതിന് മറയായി, യുക്രൈനിയന്‍ ഭരണകൂടം നവനാസി സംഘത്തിന്റെ പിടിയിലാണെന്നും നവനാസികളില്‍ നിന്നും യുക്രൈന്‍ ഭരണകൂടത്തെ മോചിപ്പിക്കാനുള്ള സൈനിക നടപടി മാത്രമാണ് തങ്ങളുടെത് എന്നുമായിരുന്നു പുടിന്റെ യുക്രൈന്‍ ആക്രമണ ന്യായീകരണം.