റഷ്യയുടെ തെക്കൻ ബെൽഗോറോദ് മേഖലയിൽ ഒന്നിലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി റിപ്പോർട്ട്. സംഭവത്തിൽ ഭരണസിരാകേന്ദ്രങ്ങൾക്കും ഏതാനും പാർപ്പിട കെട്ടിടങ്ങൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കില്ലെന്ന് ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞു. ഡ്രോണുകൾക്ക് പിന്നിൽ ഉക്രൈനിൽ നിന്നുള്ള കടന്നുകയറ്റമാണെന്ന് മോസ്കോ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് റഷ്യൻ മേഖലയിലേക്ക് നിരവധി ഡ്രോണുകൾ അതിർത്തി മേഖല കടക്കുന്നത് കണ്ടെത്തിയതെന്ന് ഗവർണർ ഗ്ലാഡ്കോവ് പറഞ്ഞു. നേരത്തെ, ഈ മേഖലയിൽ ഉക്രൈനിൽ നിന്നും നുഴഞ്ഞുകയറ്റം നടക്കുന്നതായി റഷ്യ ആരോപിച്ചിരുന്നു. പിന്നാലെ ഉണ്ടായ ഏറ്റുമുട്ടലിൽ 72 നുഴഞ്ഞുകയറ്റക്കാരെ റഷ്യ കൊലപ്പെടുത്തിയതായി ആവകാശപ്പെട്ടു. എന്നാൽ റഷ്യൻ ഭാഗത്ത് ആൾനാശമുണ്ടായോ എന്ന് വ്യക്തമല്ല. അതേസമയം, റഷ്യൻ മേഖലയിലേക്ക് ഡ്രോണുകൾ പ്രവേശിച്ചതായ ആരോപണത്തോട് ഉക്രൈൻ പ്രതികരിച്ചിട്ടില്ല.