ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനത്ത് ഏപ്രിലില്‍ റഷ്യ. രക്ഷാസമിതിയിലെ 15 രാജ്യങ്ങള്‍ ഓരോ മാസവും അധ്യക്ഷ സ്ഥാനം വഹിക്കുന്നതാണ് രീതി. 2022 ഫെബ്രുവരിയിലാണ് റഷ്യ മുമ്പ് അധ്യക്ഷ സ്ഥാനം വഹിച്ചത്. ‘കാര്യക്ഷമമായ ബഹുമുഖത്വം’ വിഷയത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് രക്ഷാസമിതിയെ നയിക്കുക.
ഏപ്രില്‍ 25ന് പശ്ചിമേഷ്യ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. അതിനിടെ റഷ്യ അധ്യക്ഷത വഹിക്കുന്നതിനെ യുഎസും യുക്രെയ്‌നും രൂക്ഷമായി വിമര്‍ശിച്ചു. യുഎന്‍ ചാര്‍ട്ടര്‍ നിരന്തരം ലംഘിക്കുകയും അയല്‍രാജ്യത്ത് അധിനിവേശം നടത്തുകയും ചെയ്ത റഷ്യക്ക് യുഎന്‍ രക്ഷാസമിതിയില്‍ ഒരു സ്ഥാനവുമില്ലെന്നും നിര്‍ഭാഗ്യവശാല്‍ അവര്‍ രക്ഷാസമിതിയില്‍ ഉണ്ടായിപ്പോയെന്നും വൈറ്റ് ഹൗസ് വക്താവ് കരൈന്‍ ജീന്‍ പിയറി പറഞ്ഞു.
റഷ്യയുടെ അധ്യക്ഷ സ്ഥാനം അന്താരാഷ്ട്ര സമൂഹത്തിന്റെ കരണത്തേറ്റ അടിയാണെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. അതൊരു തമാശയാണെന്നും അവര്‍ അധ്യക്ഷ സ്ഥാനത്തെ പരിഹസിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.