രണ്ട് പ്രധാന മേഖലകളിലെ, യുക്രൈന്‍ തലസ്ഥാനമായ കീവിലെയും ചെര്‍ണിഹീവിലെയും, സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാമെന്ന റഷ്യയുടെ ഉറപ്പ് തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് യുക്രെയ്ന്‍ സൈന്യം. പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിനായി കീവിനും വടക്കന്‍ നഗരമായ ചെര്‍നിഹിവിനും ചുറ്റുമുള്ള യുദ്ധ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറയ്ക്കുമെന്ന് മോസ്‌കോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുക്രൈന്‍ സൈന്യം ഇപ്രകാരം പ്രതികരിച്ചത്.
തുര്‍ക്കിയില്‍ ഇരുപക്ഷവും തമ്മിലുള്ള സമാധാന ചര്‍ച്ചകളെ തുടര്‍ന്നായിരുന്നു റഷ്യയുടെ പ്രഖ്യാപനം. പാശ്ചാത്യ നേതാക്കളില്‍ പലരും റഷ്യയുടെ ഉറപ്പിനെ സംശയത്തോടെയാണ് കണ്ടത്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അതേസമയം റഷ്യയെ വിലയിരുത്തുന്നത് വാക്കുകളല്ല പ്രവൃത്തികളിലൂടെയാണെന്ന് യുകെ അഭിപ്രായപ്പെട്ടു. ശുഭ സൂചനകളുണ്ടാകുന്നുണ്ടെങ്കിലും റഷ്യന്‍ ആക്രമണങ്ങള്‍ക്ക് കുറവൊന്നും ഉണ്ടാകുന്നില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും പറഞ്ഞു.
കിഴക്കന്‍ പ്രദേശങ്ങളില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റഷ്യ കീവില്‍ നിന്ന് സൈന്യത്തെ മാറ്റിസ്ഥാപിക്കുന്നതെന്ന് യുഎസ്, ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മധ്യസ്ഥതയിലുള്ള റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷാ സൂചനകള്‍ പുറത്തുവന്നിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലെയും ചെര്‍ണിഹീവിലെയും ആക്രമണങ്ങള്‍ കുറക്കാമെന്ന് റഷ്യന്‍ ഉപ പ്രതിരോധ മന്ത്രി അലക്സാണ്ടര്‍ ഫോമിന്‍ പറയുകയുണ്ടായി. റഷ്യയുടെ പ്രധാന ആവശ്യങ്ങളിലൊന്നായ നാറ്റോ, ഇയു വിഷയങ്ങളില്‍ നിഷ്പക്ഷത പാലിക്കാമെന്ന ആവശ്യം യുക്രൈനും സമ്മതിച്ചിരുന്നു.
സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോഴും റഷ്യന്‍ മിസൈലുകളും ബോംബാക്രമണവും യുക്രേനിയന്‍ നഗരങ്ങളില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച, തെക്കന്‍ യുക്രെയ്‌നിലെ മൈക്കോളൈവില്‍ ഒരു റഷ്യന്‍ മിസൈല്‍ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തില്‍ പതിച്ചിരുന്നു. പ്രസ്തുത ആക്രമണത്തില്‍ ഏഴ് പേരെങ്കിലും മരിച്ചതായി പ്രാദേശിക അധികൃതര്‍ സ്ഥിരീകരിച്ചു.