റഷ്യന്‍ സൈന്യം അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റിന് നേരെ ഷെല്ലാക്രമണം നിര്‍ത്തിയിട്ടില്ലെങ്കിലും മരിയുപോളില്‍ നിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വ്യാഴാഴ്ച രാത്രി പ്രസംഗത്തില്‍ പറഞ്ഞു. ധാരാളം സ്ത്രീകളും കുട്ടികളും അവിടെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞത് 20 കുട്ടികളടക്കം 200 ഓളം സാധാരണക്കാര്‍ ഇപ്പോഴും സ്റ്റീല്‍ പ്ലാന്റില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.
ബങ്കറുകളില്‍ നൂറുകണക്കിനാളുകള്‍ ഒളിച്ചിരിക്കുന്നതായി കരുതപ്പെടുന്ന അസോവ്സ്റ്റല്‍ പ്ലാന്റില്‍ നിന്ന് കൂടുതല്‍ സിവിലിയന്മാരെ ഒഴിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎന്‍ പറഞ്ഞു. ആളുകളെ ഈ നരകദൃശ്യങ്ങളില്‍ നിന്ന് കരകയറ്റാന്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. തെക്കന്‍ നഗരത്തിന്റെ അവസാന ഭാഗമായ മരിയുപോളിലെ സ്റ്റീല്‍ വര്‍ക്ക് പ്ലാന്റ്, ഇപ്പോഴും യുക്രേനിയന്‍ സൈനികരുടെ കൈകളിലാണ്.
വ്യാഴാഴ്ച, രണ്ട് വാഹനവ്യൂഹങ്ങളിലായി അസോവ്സ്റ്റല്‍ പ്ലാന്റില്‍ നിന്നും മരിയുപോളില്‍ നിന്നും അതിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നും 500 ഓളം ആളുകളെ ഒഴിപ്പിച്ചെന്നും യുക്രെയ്‌നിലെ 400 ഓളം ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ റഷ്യന്‍ സൈന്യം നശിപ്പിച്ചിട്ടുണ്ടെന്നും സെലന്‍സ്‌കി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.