യുക്രൈനുമായി യുദ്ധം ചെയ്യുന്ന റഷ്യൻ സൈന്യത്തിന് പിന്തുണ നൽകാൻ സൈനികരെ അയച്ച ഉത്തര കൊറിയയുടെ നടപടി മൂന്നുവർഷമായി നീണ്ടുനിൽക്കുന്ന സംഘർഷം, രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് തള്ളിവിടുകയാണെന്ന് യുക്രേനിയൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി.
യുക്രൈനെതിരെയുള്ള റഷ്യയുടെ സൈനികനടപടിയെ സഹായിക്കാൻ വടക്കൻ കൊറിയ പതിനായിരത്തോളം സൈനികരെ അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു യൂറോപ്യൻ യുദ്ധത്തിലുള്ള ഈ ഇടപെടൽ ജപ്പാനും ഓസ്‌ട്രേലിയയും ഉൾപ്പെടെയുള്ള ഇന്തോ – പസഫിക് മേഖലയിലെ ബന്ധങ്ങളും അസ്വസ്ഥമാക്കുമെന്നാണ് സെലെൻസ്‌കി മുന്നറിയിപ്പ് നൽകുന്നത്. അതേസമയം, താൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളുമായി സംസാരിച്ചെന്നും 3000 ഉത്തര കൊറിയൻ സൈനികർ ഇതിനകം യുക്രൈനോടു ചേർന്നുള്ള റഷ്യൻ സൈനികതാവളങ്ങളിൽ എത്തിയെന്നും ഈ സംഖ്യ 12,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും സെലെൻസ്‌കി പറഞ്ഞു.
നാറ്റോ, യു. എസ്., യൂറോപ്യൻ യൂണിയനുമായി അടുത്ത ബന്ധം പുലർത്തുന്ന ദക്ഷിണ കൊറിയ, ഉത്തരേന്ത്യയുടെ ഇടപെടലിനു പകരമായി യുക്രൈനിലേക്ക് ആയുധങ്ങൾ അയയ്ക്കുമെന്ന് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.