റഷ്യയും യുക്രെയ്‌നും പരസ്പരം യുദ്ധത്തടവുകാരെ കൈമാറി. 215 യുക്രെയ്ന്‍കാരെയും യുക്രെയ്ന്‍ യുദ്ധത്തിനിടെ പിടിയിലായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരടക്കം പത്തു വിദേശികളെയുമാണു റഷ്യ കൈമാറിയത്. പുടിന്റെ അടുത്ത സുഹൃത്തും യുക്രെയ്ന്‍ എംപിയുമായ വിക്തര്‍ മെദ്വെദ്ചുക്ക് അടക്കം 55 പേരെയാണു യുക്രെയ്ന്‍ മോചിപ്പിച്ചത്.
മരിയുപോള്‍ നഗരത്തില്‍നിന്നു റഷ്യ പിടികൂടിയ അസോവ് റെജിമെന്റിലെ 108 പോരാളികളും മോചിതരായവരില്‍ ഉള്‍പ്പെടുന്നു. മോചിതരായ അഞ്ചു സൈനിക കമാന്‍ഡര്‍മാര്‍ യുദ്ധം തീരുന്നതുവരെ തുര്‍ക്കിയില്‍ ചെലവഴിക്കുമെന്നു യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു.
അഞ്ചു ബ്രിട്ടീഷുകാര്‍, രണ്ട് അമേരിക്കക്കാര്‍, സ്വീഡന്‍, ക്രൊയേഷ്യ, മോറോക്കോ എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാര്‍ എന്നിവരാണു മോചിക്കപ്പെട്ട വിദേശികള്‍. ബ്രിട്ടീഷുകാരുടെ മോചനത്തില്‍ പ്രധാനമന്ത്രി ലിസ് ട്രസ്, സൗദി സര്‍ക്കാരിനു നന്ദി അറിയിച്ചു.
യുദ്ധം ആരംഭിച്ചശേഷം ഇത്രയധികം തടവുകാരെ പരസ്പരം കൈമാറുന്നത് ആദ്യമാണ്. യുക്രെയ്ന്‍കാര്‍ക്കായി തുര്‍ക്കിയും വിദേശികള്‍ക്കായി സൗദി അറേബ്യയുമാണു റഷ്യയുമായി ചര്‍ച്ച നടത്തിയത്.