ഉക്രൈനിലെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യം വച്ച് റഷ്യ നടത്തുന്ന ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിൽ ഉക്രൈനിലെ മൂന്നിലൊരുഭാഗം വൈദ്യുത നിലയങ്ങളും പ്രവർത്തനരഹിതമായി. ശൈത്യകാലത്ത് വൈദ്യുതിയും വെള്ളവും മുടക്കി സമാധാനശ്രമങ്ങളുടെ വഴിയടയ്ക്കുകയാണ് റഷ്യയുടെ ലക്ഷ്യം എന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു.
ഒക്ടോബർ പത്തുമുതൽ ആണ് റഷ്യ ഉക്രൈനിലെ പ്രധാന ഊർജ്ജ വിതരണ സംവിധാനങ്ങൾ ലക്ഷ്യം വച്ച് ആക്രമങ്ങൾ തുടങ്ങുന്നത്. ആക്രമണം തുടരുന്ന സാഹചര്യത്തിൽ പുടിന്റെ ഭരണകൂടവുമായി ചർച്ചകൾക്ക് അവസരമൊരുങ്ങില്ലെന്ന് ഉക്രെയ്നിയൻ പ്രസിഡന്റ് വ്യക്തമാക്കി. ഉക്രെയ്നിലെ “ഊർജ്ജ സംവിധാനങ്ങളിൽ” രാജ്യത്തിന്റെ സൈന്യം ഉയർന്ന കൃത്യതയോടെ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു.
ഇതിനിടെ, എൻജിൻ തകരാർ നേരിട്ട റഷ്യൻ യുദ്ധവിമാനം തുറമുഖ പട്ടണത്തിലെ ജനവാസകേന്ദ്രത്തിൽ തകർന്നു വീണുണ്ടായ തീപിടിത്തത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ 15 പേർ മരിച്ചു. 19 പേർക്കു പരുക്കേറ്റു. തുടർ ആക്രമണങ്ങളിൽ പെട്ട് ഈ ആഴ്ചയും കീവിൽ മരണസംഖ്യ ഉയരുന്നതായി അധികൃതർ അറിയിച്ചു. ഇറാൻ നിർമ്മിത “കാമികേസ്” ഡ്രോണുകൾ ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണത്തെത്തുടർന്ന് തിങ്കളാഴ്ച കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും ചൊവ്വാഴ്ച പല ആക്രമണങ്ങളിലായി കുറഞ്ഞത് മൂന്ന് പേർ മരിക്കുകയും ചെയ്തു.